മാൻസ: സിദ്ദു മൂസെ വാലയുടെ മരണത്തിനു ശേഷം ഭക്ഷണം പോലും കഴിക്കാതെ വളർത്തു നായ്‌ക്കളായ ഷേരയും ബഗേരയും. യജമാനനെ കാണാത്തത് കാരണം ഞായറാഴ്ച വൈകുന്നേരം മുതൽ രണ്ടു വളർത്തു നായ്‌ക്കളും ഭക്ഷണം കഴിച്ചിട്ടില്ല. വീട്ടിൽ ഉള്ളപ്പോഴെല്ലാം മൂസെ വാലയുടെ കൂടെ തന്നെയായിരുന്നു ഷേരയും ബഗേരയും സമയം പങ്കിട്ടിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി വീടിന്റെ ഒരു മൂലയ്‌ക്ക് പമ്മി ഇരുപ്പാണ് ഇരുവരും. ഷേരയെയും ബഗേരയെയും കെട്ടിപ്പിടിച്ച് ഗുഡ്നൈറ്റ് പറഞ്ഞിട്ടെ മൂസെവാല ഉറങ്ങാൻ പോകാറുള്ളൂ. കുടുംബാംഗങ്ങളെപോലെയാണ് ഇരുവരും ഇവിടെ കഴിഞ്ഞിരുന്നത്. വളരെ വാത്സല്യത്തോടെയാണ് ഷേരയെയും ബഗേരയെയും മൂസെവാല പരിപാലിച്ചത്.
‘ഞായറാഴ്ച വൈകുന്നേരം മുതൽ അവർ ഭക്ഷണം കഴിക്കുന്നില്ല, വീടിന്റെ ഒരു മൂലയിൽ ഓരോ കിടപ്പാണ്. അവിടെ നിന്ന് അനങ്ങാൻ പോലും ഈ വളർത്തുനായ്‌ക്കൾ വിസമ്മതിക്കുകയാണ്. സമീപത്ത് എന്തെങ്കിലും ശബ്ദം കേൾക്കുമ്പോൾ ജയമാനൻ മടങ്ങിയെത്തിയതാണെന്ന പ്രതീക്ഷയിൽ ഇരുവരും തല ഉയർത്തി നോക്കും’ ,മൂസ ഗ്രാമത്തിലെ താമസക്കാരനായ ബക്ഷിഷ് സിംഗ് പറഞ്ഞു.
ഷേര ഇടയ്‌ക്കിടെ മുകളിലേക്ക് നോക്കുന്നുണ്ട്, ബഗേരയാകട്ടെ സങ്കടത്തോടെ ഒരേ കിടപ്പാണ്. മൂസെവാലയുടെ ട്രാക്ടറിന് സമീപമാണ് ഇരുവരും കിടക്കുന്നത്.
ഞായറാഴ്ചയാണ് കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെ വാലയെ ഒരു സംഘം ആളുകൾ വെടിവെച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ മറ്റ് രണ്ടു പേർക്കും പരിക്കേറ്റു. സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവെയാണ് സിദ്ദു ആക്രമിക്കപ്പെട്ടത്. സിദ്ദുവിനുള്ള സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചതിന്റെ തൊട്ടു പിറ്റേന്നാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്.
















Comments