വിചാരണക്കോടതി നാടകം കളിക്കുകയാണ്; നടിയെ ആക്രമിച്ച കേസിൽ വിധി എഴുതി കഴിഞ്ഞു; ഇനി പ്രഖ്യാപിക്കേണ്ട താമസം മാത്രമെന്ന് ഭാഗ്യലക്ഷ്മി

Published by
Janam Web Desk

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേസിൽ കോടതി നാടകം കളിക്കുകയാണെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു. വിധി എഴുതിവെച്ച് കഴിഞ്ഞുവെന്നും അത് പ്രഖ്യാപിക്കേണ്ട ദിവസം മാത്രം നിശ്ചയിച്ചാൽ മതിയെന്നും അവർ കുറ്റപ്പെടുത്തി. കോടതിയിലെത്തുന്ന പ്രോസിക്യൂട്ടർ അപമാനം നേരിടുകയാണെന്നും ഭാഗ്യലക്ഷ്മി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കേസിൽ വിധി ഇതിനോടകം തയ്യാറാണ്. അത് പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. ബാക്കിയെല്ലാം അവിടെ കഴിഞ്ഞു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെല്ലാം നാടകമാണ്. പ്രോസിക്യൂട്ടർമാർ അപമാനവും പരിഹാസവുമാണ് നേരിടുന്നത്. കൂടാതെ ‘ഉന്നതനോട്’ കോടതി കാണിക്കുന്ന അതേ സൗമ്യതാ മനോഭാവം സാധാരണക്കാരുടെ കാര്യത്തിലും കാണിക്കുകയാണെങ്കിൽ നല്ലതാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അതേസമയം കേസിൽ ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ തന്റെ സ്വകാര്യതയെ ബാധിക്കുമെന്ന് ആക്രമിക്കപ്പെട്ട നടി കോടതിയെ ബോധിപ്പിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടു. കേസിൽ ജുഡീഷ്യറിയെ അപമാനിക്കാനുള്ള ശ്രമമാണെന്നാണ് ദിലീപിന്റെ വാദം. ദൃശ്യങ്ങൾ കോടതി പരിശോധിച്ചിട്ടുണ്ടെങ്കിൽ എന്താണ് തെറ്റെന്നും തുടരന്വേഷണത്തിന് ഒരു ദിവസം പോലും സമയം നീട്ടിനൽകരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്ന ഹർജി കോടതി വിധി പറയാനായി മാറ്റി.

Share
Leave a Comment