ആലപ്പുഴ: കൊലചെയ്യപ്പെടുന്നതിന് മുൻപ് കൊല്ലം സ്വദേശിനി ഹെന ഏറ്റുവാങ്ങിയത് ക്രൂരമർദ്ദനമെന്ന് വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹെനയുടെ ശരീരത്തിലും തലയിലുമായി നിരവധി പരിക്കുകളാണ് ഉള്ളതെന്നാണ് പോസ്റ്റ്മോർട്ടത്തിൽ നിന്നും വ്യക്തമാകുന്നത്. പല മുറിവുകൾക്കും ദിവസങ്ങളോളം പഴക്കമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.
ശരീരത്തിൽ 16 ഉം തലയ്‌ക്കുള്ളിൽ 14 ഉം മുറിവുകളാണ് ഉള്ളത്. മരണ ദിവസം ഹെനയെ ഭർത്താവ് അപ്പുക്കുട്ടൻ കഴുത്തിന് കുത്തിപ്പിടിച്ച് തല ഭിത്തിയിൽ ഇടിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയോട്ടിയ്‌ക്ക് ക്ഷതമുണ്ട്. രണ്ടാഴ്ചയോളം ക്രൂരമായ മർദ്ദനത്തിനും പീഡനത്തിനുമാണ് ഹെന ഇരയായത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.
കഴിഞ്ഞ 26 നാണ് ഹെനയെ അപ്പുക്കുട്ടൻ കഴുത്തു ഞെരിച്ച് കൊന്നത്. ആറ് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ബൈപോളാർ ഡിസോഡറിന് ഉടമയായിരുന്നു കൊല്ലപ്പെട്ട ഹെന. ഇക്കാര്യം അറിഞ്ഞുകൊണ്ടാണ് പ്രതി അപ്പുക്കുട്ടൻ ഹെനയെ വിവാഹം ചെയ്തത്.
എന്നാൽ വിവാഹ ശേഷം ഈ രോഗാവസ്ഥയുമായി പൊരുത്തപ്പെടാൻ ഇയാൾക്ക് കഴിഞ്ഞില്ല. ഇതേ ചൊല്ലി ഇവർ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. വിവാഹ സമയത്ത് 75 പവൻ സ്വർണാഭരണങ്ങളാണ് ഹെനയ്‌ക്ക് നൽകിയിരുന്നത്. ഇതിനിടെ രണ്ടാഴ്ച മുൻപ് 7 ലക്ഷം രൂപ നൽകണമെന്ന് അപ്പുക്കുട്ടൻ ഹെനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നൽകാൻ ഹെനയുടെ പിതാവ് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ ഇയാൾ ഹെനയെ നിരന്തം മർദ്ദിക്കുകയായിരുന്നു.
















Comments