ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ വെടിവെയ്പ്പ്; 17-കാരനായ ബിഹാർ സ്വദേശി കൊല്ലപ്പെട്ടു; കശ്മീരിൽ ഒരേദിവസം സംഭവിക്കുന്ന മൂന്നാമത്തെ ഭീകരാക്രമണം

Published by
Janam Web Desk

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഇതര-സംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തു. ബഡ്ഗാം ജില്ലയിലെ ചദൂരയിലാണ് സംഭവം.

ആക്രമണത്തിൽ രണ്ട് ഇതര-സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഇവർ പ്രദേശത്തെ ഇഷ്ടിക കമ്പനിയിലെ ജോലിക്കാരാണ്.

ബിഹാർ സ്വദേശിയായ ദിൽകുഷ് കുമാറാണ് (17) വെടിയേറ്റതിന് പിന്നാലെ മരിച്ചത്. പരിക്കേറ്റ മറ്റൊരാൾ എസ്എംഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിലാണ്.

കശ്മീരിലെ കുൽഗാമിൽ വ്യാഴാഴ്ച രാവിലെ രാജസ്ഥാൻ സ്വദേശിയായ ബാങ്ക് മാനേജർ കൊല്ലപ്പെട്ടതിന് ഏതാനും മണിക്കൂറുകൾക്ക് പിന്നാലെയാണ് ആക്രമണം നടന്നത്. രാവിലെ ഷോപ്പിയാനിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ മൂന്ന് സൈനികർക്കും പരിക്കേറ്റിരുന്നു.

സൈനികർ പരിക്കേൽക്കാനിടയായ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകര സംഘടനയായ ടിആർഎഫും ബാങ്ക് മാനേജരുടെ കൊലപാതകം കശ്മീർ ഫ്രീഡം ഫൈറ്റേഴ്‌സും ഏറ്റെടുത്തിരുന്നു.

കശ്മീരിലെ പണ്ഡിറ്റുകൾക്കും സാധാരണക്കാർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും നേരെ നിരന്തരമായി ആക്രമണങ്ങൾ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. നാളെ കശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും.

 

Share
Leave a Comment