നാടിനെ നശിപ്പിച്ചും നാട്ടാരുടെ കഞ്ഞികുടി മുട്ടിച്ചും കൂരകൾ കുഴിതോണ്ടിയും ജനങ്ങളെ പെരുവഴിയിലേക്ക് ഇറക്കിവിടുന്ന ഒരു പദ്ധതി തങ്ങൾക്ക് ആവശ്യമില്ലായെന്ന് വിധി എഴുതിയിരിക്കുകയാണ് ജനങ്ങൾ. പിണറായി സർക്കാരിനേറ്റ വലിയ തിരിച്ചടി. തൃക്കാക്കരയിലെ എൽഡിഎഫിന്റെ പരാജയം ഒരു ചൂണ്ടു വിരലാണ്. ജനങ്ങൾക്ക് വേണ്ടാത്ത ഒരു പദ്ധതിയുമായി മുന്നോട്ട് വരികയും, ജനങ്ങളെ ഭീഷണിപ്പെടുത്തിയും അവരുടെ സ്ഥലങ്ങളിൽ അതിക്രമിച്ച് കയറിയും പ്രതിഷേധിച്ചവരെ തെരുവിലൂടെ വലിച്ചിഴച്ചും പിണറായി സർക്കാർ നടത്തിയ കിരാത ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് തൃക്കാക്കരയിൽ കണ്ടത്. തൃക്കാക്കരയിൽ സംഭവിച്ച വിധിയെഴുത്തിനെ യുഡിഎഫ് തരംഗമെന്നല്ല, മറിച്ച് പിണറായി വിരുദ്ധതയെന്ന് വേണം പറയാൻ. അത്രയേറെ പിണറായി ഭരണത്തിന്റെ കീഴിൽ ജനങ്ങൾ ബുദ്ധിമുട്ടുന്നു. ഇടതുമുന്നണിക്കും സർക്കാരിനും പിണറായി വിജയനുമുള്ള ജനങ്ങളുടെ താക്കീതാണ് മണ്ഡലത്തിലെ പരാജയം . സ്വന്തം പോക്കറ്റ് വീർപ്പിക്കാനും വലിയ അഴിമതി നടത്താനും വേണ്ടി വികസനമെന്ന പേരിൽ സർക്കാർ കൊണ്ടുവന്ന കെ റെയിലിനെതിരെ ജനാധിപത്യവും ശക്തവുമായ പ്രതിഷേധമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ രേഖപ്പെടുത്തിയത്.
സെഞ്ച്വറി തികയ്‌ക്കുക എന്നതിനപ്പുറം എങ്ങനേയും ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിക്കുക എന്നതായിരുന്നു ഇടത് മുന്നണിയുടെയും സർക്കാരിന്റെയും മുന്നിലുള്ള ലക്ഷ്യം. തൃക്കാക്കര വിജയിച്ചാൽ അത് ഉറപ്പിക്കാം എന്ന മനക്കോട്ട കെട്ടിയിരുന്നു അവർ. തൃക്കാക്കര വിജയിക്കുന്നതിലൂടെ കെ റെയിൽ പദ്ധതിക്ക് മുന്നിലുള്ള തടസ്സങ്ങൾ ഒന്നൊന്നായി നീക്കാമെന്നും, കെ റെയിലിന് ജനങ്ങൾ അനുകൂലമായതിനാലാണ് വിജയിച്ചതെന്ന മുടന്തൻ ന്യായം പറഞ്ഞ് മുന്നോട്ട് പോകാമെന്നും പിണറായി വിജയനും പരിവാരങ്ങളും സ്വപ്നം കണ്ടു. അതിനായി ഏതു വിധേനയും തൃക്കാക്കര പിടിക്കാൻ ഇടത് മുന്നണി മുന്നിട്ടിറങ്ങി.
അമേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞെത്തിയ മുഖ്യമന്ത്രി നേരെ എത്തിയത് തൃക്കാക്കരയിലേക്കായിരുന്നു. സെക്രട്ടറിയേറ്റിൽ ഫയലുകൾ കെട്ടികിടക്കുന്നതും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതും അതിജീവിത നീതിക്കായ് അപേക്ഷിച്ചതും സ്വിറ്റ്സർലാന്റിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കാൻ സമയം കണ്ടെത്താത്തതുമെല്ലാം എങ്ങനെയെങ്കിലും തൃക്കാക്കര പിടിച്ച് കെ റെയിലിലേക്കുള്ള വഴി എളുപ്പമാക്കുക എന്ന സ്വപ്നം മുഖ്യമന്ത്രിയുടെ മോഹമനസ്സിൽ ഉദിച്ചതുകൊണ്ട് തന്നെ.
തൃക്കാക്കര പിടിച്ചടക്കാൻ എന്തു വഴി സ്വീകരിക്കാനും ഇടത് മുന്നണിയും മുഖ്യമന്ത്രിയും തയ്യാറായിരുന്നു. അതിന് വേണ്ടി മതത്രീവ്രവാദ ശക്തികൾക്ക് കുടപിടിച്ചു. മുസ്ലീം തീവ്രവാദികളെ പ്രീണിപ്പിച്ചും അവർക്ക് വേണ്ടുന്ന ആവശ്യങ്ങൾക്ക് നിശബ്ദ പിന്തുണ നൽകിയും പിണറായി വിജയൻ മുന്നോട്ട് നീങ്ങി. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്ക് അനുമതി നൽകിയതിലൂടെ മതതീവ്രവാദിളുടെ വോട്ട് കൂടി നേടിയെടുക്കാൻ സർക്കാർ സ്വപ്നം കണ്ടു. ഇടത് മുന്നണിക്കായ് പിഡിപി പോലുള്ള മതതീവ്രവാദ സംഘടനകൾ പരസ്യമായി തെരുവിലിറങ്ങിയും വീടുകൾ കയറിയും വോട്ട് പിടിച്ചു. പ്രചാരണ വേദികളിൽ എവിടേയും വികസനം ഉയർത്തിയോ കെ റെയിൽ ഉയർത്തിയോ പിണറായി വിജയൻ വോട്ട് തേടിയില്ല. മാത്രമല്ല, ഉപതെരഞ്ഞെടുപ്പ് വന്നതോടെ അന്യന്റെ വീട്ടിലും പറമ്പിലും അതിക്രമിച്ച് കയറി കുറ്റി നാട്ടുന്നത് തൽകാലം നിർത്തിവച്ചു. വേദികളിൽ മതതീവ്രവാദികളുടെ വോട്ടുറപ്പിക്കാൻ നിരന്തരം സംഘപരിവാർ വിരുദ്ധത ചവച്ച് തുപ്പി. ന്യൂനപക്ഷങ്ങളെ ആർഎസ്എസ് ചുട്ടുകൊല്ലുന്നുവെന്നും, കേരളത്തിൽ പിസി ജോർജ്ജിനെ മറയാക്കി അത് ആവർത്തിക്കുമെന്നും പച്ചയായ വർഗീയത പറഞ്ഞു. പിസി ജോർജിനെ ഇലക്ഷൻ മാത്രം മുന്നിൽകണ്ട് ജയിലിലടക്കുന്നു. എല്ലാം തൃക്കാക്കര പിടിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് മാത്രം.
കെ റെയിലിലേക്കുള്ള എളുപ്പ വഴിയായിരുന്നു തൃക്കാക്കര. എന്നാൽ ജനങ്ങളെ കഴുതയാക്കാൻ ശ്രമിച്ച പിണറായി വിജയന് ജനങ്ങൾ നൽകിയത് കനത്ത തിരിച്ചടിയെന്നുവേണം പറയാൻ. കെ റെയിൽ വേണ്ട, തങ്ങൾക്ക് കേരളം മതിയെന്നും; പദ്ധതിയുമായി മുന്നോട്ട് പോയാൽ ഭരണ കസേരയിൽ എന്നും പൃഷ്ഠം ഉറപ്പിക്കാമെന്ന് കരുതേണ്ടതില്ല എന്നുമുള്ള മുന്നറിയിപ്പാണ് ജനങ്ങൾ തൃക്കാക്കര വിധിയിലൂടെ പിണറായി വിജയന് നൽകിയ സന്ദേശം. കനത്ത പരാജയത്തോടെ കെ റെയിലിന്റെ ഭാവി എന്താകുമെന്ന് കാത്തിരിക്കേണ്ടതുണ്ട്. അഥവാ, പരാജയത്തിൽ നിന്ന് പാഠം പടിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് പിണറായി സർക്കാരിന്റെ നീക്കമെങ്കിൽ സമ്പൂർണ്ണ കമ്മ്യൂണിസ്റ്റ് ഭാരതമാണ് ജനങ്ങൾ നടപ്പാക്കാൻ പോകുന്നത്. ഭാരതത്തിലുള്ള ഏക കനൽതരി കൂടി അണയ്‌ക്കാൻ ജനങ്ങളുടെ മഷിപുരണ്ട വിരളുകൾക്ക് ആവതുണ്ട്.
Comments