ഹൈദരാബാദ്: മെഴ്സിഡെസ് കാറിനുള്ളിൽ 17-കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്ത് പോലീസ്. അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞതായും ഇതിൽ മൂന്ന് പ്രതികൾ പ്രായപൂർത്തിയാകാത്തവരാണെന്നും അന്വേഷണ സംഘം അറിയിച്ചു. ഇവർ 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികളാണെന്നാണ് വിവരം.
ശനിയാഴ്ച വൈകിട്ടായിരുന്നു കാറിനുള്ളിൽ പെൺകുട്ടിയെ വിദ്യാർത്ഥികൾ ചേർന്ന് ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ മൊഴി പ്രകാരവും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് കുറ്റവാളികളെ തിരിച്ചറിഞ്ഞത്. ഇവരിൽ സദുദ്ദീൻ മാലിക് എന്നയാളെയാണ് അറസ്റ്റ് ചെയ്യാനായതെന്നും പോലീസ് അറിയിച്ചു.
പെൺകുട്ടിയുടെ അച്ഛനാണ് പോലീസിൽ പരാതി നൽകിയത്. മെയ് 28-നായിരുന്നു കേസിനാസ്പദമായ സംഭവം. ഹൈദരാബാദിലെ ജൂബിലി ഹിൽസ് ഏരിയയിലാണ് ആക്രമണം നടന്നത്.
ജൂബിലി ഹിൽസിലെ പബ്ബിൽ പാർട്ടിക്ക് പോയ പെൺകുട്ടിയെയാണ് സംഘം ആക്രമിച്ചത്. പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിടാമെന്ന് വാഗ്ദാനം നൽകി കാറിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് പോക്സോ നിയമപ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.
Comments