മീററ്റ്: പോത്തിന്റെ ഉടമസ്ഥാവകാശം ചൊല്ലിയുള്ള തർക്കത്തിൽ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പോലീസ്. ഷാംലി ജില്ലയിലെ അഹമ്മദ്ഗഢ് സ്വദേശിയായ ചന്ദ്രപാൽ കശ്യപാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് കാണാതായ തന്റെ പോത്തിനെ കണ്ടുകിട്ടിയെന്നാണ് ഇദ്ദേഹത്തിന്റെ വാദം. എന്നാൽ കശ്യപിനെ തള്ളി താനാണ് ഉടമയെന്ന വാദവുമായി സത്ബീർ സിംഗ് എന്ന വ്യക്തി കൂടി രംഗത്ത് വന്നതോടെ ആശയക്കുഴപ്പത്തിലായത് പോലീസാണ്. തർക്കത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷം പോലീസ് വഴി കണ്ടെത്തി. പോത്തിനെ ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് യുപിയിലെ ഷാംലി പോലീസിന്റെ ഉത്തരവ്.
2020 ഓഗസ്റ്റ് 25 നാണ് തന്റെ തൊഴുത്തിൽ നിന്ന് മൂന്ന് വയസുള്ള പോത്തിൻകുട്ടിയെ മോഷ്ടിച്ചതായി ചന്ദ്രപാൽ കശ്യപ് പരാതി നൽകുന്നത്. പിന്നീട് 2020 നവംബറിൽ സഹരൻപൂരിലെ ബീൻപൂർ ഗ്രാമത്തിൽ നിന്ന് കണ്ടുകിട്ടിയെന്ന് പറഞ്ഞതോടെ അന്നത്തെ ഉടമയായ സത്ബീർ സിംഗ് ഇത് നിരസിക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം തർക്കത്തിന് പരിഹാരം കാണാൻ പരാതിക്കാരനായ കശ്യപിന്റെ തൊഴുത്തിലുള്ള അമ്മ എരുമയുടെ ഡിഎൻഎ ടെസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്ന് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.
മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും സവിശേഷതകളുണ്ടെന്നും കുട്ടിയുടെ ഇടതുകാലിലും വാൽ അറ്റത്തും വെളുത്ത പാടുകളുണ്ടെന്നും താൻ അടുത്തേയ്‌ക്ക് ചെന്നപ്പോൾ കിടാവ് തന്നെ തിരിച്ചറിഞ്ഞുവെന്നും ചന്ദ്രപാൽ കശ്യപ് വാദിക്കുന്നു. പോത്ത് തന്റേതെന്ന് തെളിയിക്കാൻ ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടതെന്നും ഇയാൾ ചോദിക്കുന്നു. എന്നാൽ കന്നുകാലികളുടെ ഡിഎൻഎ ടെസ്റ്റ് പൊതുവെ കേട്ടുകേൾവിയില്ലാത്തതും അസാധാരണവുമാണെങ്കിലും തർക്കം പരിഹരിക്കാൻ മറ്റ് വഴികൾ ഇല്ലാത്തത് കൊണ്ട് പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൃഗങ്ങൾക്കിടയിലെ ഡിഎൻഎ പരിശോധന നടത്തുന്ന ലാബ് യുപിയിലില്ല. അതിനാൽ സാമ്പിളുകൾ ശേഖരിച്ച് ഗുജറാത്തിലോ ഡൽഹിയിലോ ഉള്ള ലാബുകളിലാണ് പരിശോധന നടത്തുക.
Comments