തന്റെ പഴയ കാർ ആരും കൊതിക്കുന്ന തരത്തിൽ പുതുക്കിപണിത് പുറത്തിറക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ രവി ശാസ്ത്രി. 1983-ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് വിജയിച്ച് 2 വർഷത്തിന് ശേഷം1985 ലെ ഓസ്‌ട്രേലിയയിൽ നടന്ന ബെൻസൻ ആൻഡ് ഹെഡ്‌ജസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ പ്ലെയർ ഓഫ് ദി സീരീസായി രവി ശാസ്ത്രി നാട്ടിലേയ്‌ക്ക് മടങ്ങിയെത്തിയപ്പോൾ സമ്മാനമായി ലഭിച്ച ഔഡി 100 സെഡാൻ എന്ന മോഡൽ കാറും ഒപ്പമുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറം തന്റെ ആ കാർ പുതുക്കി പണിത് പുറത്തിറക്കിയിരിക്കുകയാണ് രവി ശാസ്ത്രി.
രവി ശാസ്ത്രിക്ക് വേണ്ടി കാർ പുതുക്കി പണിത് മനോഹരമാക്കിയത് റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനയുടെ കീഴിലുള്ള സൂപ്പർ കാർ ക്ലബ് ഗാരേജാണ്. തന്റെ കാർ പുതുക്കി പണിയാനായി രവി ശാസ്ത്രി വർഷങ്ങളോളം അലഞ്ഞു. പല ഷോറുമുകളിലും പോയി. എന്നാൽ ആ മോഡലിന്റെ പാർട്ട്സുകൾ ഒന്നും തന്നെ ലഭിക്കാത്തത് രവി ശാസ്ത്രിയെ നിരാശനാക്കി. അവസാനമാണ് രവി ശാസ്ത്രി കാറുമായി എസ് സി സി ജി ഗ്രൂപ്പിനെ സമീപിക്കുന്നത്. കാർ ഏറ്റെടുത്ത എസ് സി സി ജി ഗ്രൂപ്പിന് രവി ശാസ്ത്രിയുടെ ആഗ്രഹം സഫലമാക്കാൻ ഒരു വർഷത്തോളം സമയമെടുത്തു. അവസാനം, കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വച്ച് കാറിന്റെ താക്കോൽ എസ് സി സി ജി ഗ്രൂപ്പ് രവി ശാസ്ത്രിക്ക് കൈമാറി.
കടൽ കടന്ന് ഇന്ത്യയിലേക്ക് എത്തുന്ന ആദ്യത്തെ ഔഡികളുെടെ നിരയിൽപ്പെട്ട ഒന്നാണ് ഔഡി 100 സെഡാൻ എന്ന മോഡൽ. കാറിന് ആവശ്യമായ ഭാഗങ്ങൾ കണ്ടെത്താൻ വളരെയധികം സമയമെടുത്തു. പഴയ അതേ നിറത്തിൽ തന്നെ ഇറക്കിയ കാറിന്റെ അകവശവും പഴയതുപോലെ തന്നെയാണ് പുനർനിർമ്മിച്ചിരിക്കുന്നത്. ലോക ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് ട്രോഫി ഉയർത്താൻ ഇന്ത്യ ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ചതിന്റെ ഓർമയ്‌ക്കായാണ് അദ്ദേഹം ഇന്നും ഈ ആഢംബര സെഡാനെ കൊണ്ടുനടക്കുന്നത്. 37 വർഷം മുമ്പ് തനിക്ക് സമ്മാനമായി ലഭിച്ച മോഡലിന്റെ അതേ ഗാംഭീര്യത്തോടെയാണ് വാഹനം തിരികെ ലഭിച്ചതെന്നും, താക്കോൽ കൈമാറിയപ്പോൽ വർഷങ്ങൾ പിറകിലേയ്‌ക്ക് യാത്ര ചെയ്തുവെന്നും വികാര നിർഭരനായി രവി ശാസ്ത്രി പറഞ്ഞു.
Comments