എറണാകുളം: മൂവാറ്റുപുഴയിൽ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ എസ്ഐ വി.കെ എൽദോസിനെതിരെയാണ് നടപടി സ്വീകരിച്ചത്.
ഒരു സംഘം ആളുകൾ തട്ടിക്കൊണ്ട് പോയതായി കാണിച്ച് വാളകം സ്വദേശി പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അന്വേഷണ ചുമതല എൽദോസിനായിരുന്നു. അഞ്ച് പ്രതികൾ ഉള്ള കേസിൽ ഒരു പ്രതിയെ മാത്രമാണ് എൽദോസ് പിടികൂടിയത്. പിന്നീട് കേസ് ഒതുക്കി തീർക്കാനായി എൽദോസ് വാളകം സ്വദേശിയിൽ നിന്നും പ്രതികളിൽ നിന്നും പണം വാങ്ങുകയായിരുന്നു.
ഇതറിഞ്ഞ വാളകം സ്വദേശി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സസ്പെൻഷൻ. റിമാൻഡ് പ്രതിയ്ക്ക് എസ്ഐ മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള സൗകര്യം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്.
Comments