കൊച്ചി : ക്രൈസ്തവർക്കെതിരായി ലോകത്ത് നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധം അറിയിച്ച് കെസിബിസി. നൈജീരിയയിൽ ക്രൈസ്തവർ ഇസ്ലാമിക തീവ്രവാദികളാൾ കൂട്ടക്കൊല ചെയ്യപ്പെടുന്നത് തുടരുകയാണ്. ദിവസങ്ങൾക്ക് മുമ്പ് 20 ഓളം പേരെ ഐഎസ് ഭീകരർ കഴുത്തറുത്ത് കൊല്ലുന്ന കാഴ്ചയാണ് ലോകം കണ്ടത് എന്നും കെസിബിസി പറഞ്ഞു.
കഴിഞ്ഞ കുറേ മാസങ്ങളായി ലോകത്തിന്റെ വിവിധ ഇടങ്ങളിൽ വെച്ച് ആളുകൾ നിഷ്ഠൂരമായി കൊലചെയ്യപ്പെടുകയാണ്. ഇസ്ലാമിക ഭീകരാക്രമണങ്ങൾ ലോകമെമ്പാടും അനുദിനം വർദ്ധിക്കുന്നത് ലോകരാജ്യങ്ങൾ അതീവ ഗൗരവത്തോടെ എടുക്കേണ്ട കാര്യമാണ്. ഇത്തരം സംഭവങ്ങളിൽ നിന്നും നമ്മുടെ രാജ്യവും മുക്തമല്ലെന്ന് സമീപകാലത്ത് നടന്നുകൊണ്ടിരക്കുന്ന ചില സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇത്തരം ഭീകരാക്രമണങ്ങൾ രാജ്യത്തിന്റെ ക്രമസമാധാനം തകർക്കുന്നു.
ഇസ്ലാമിക ഭീകരാക്രമണങ്ങൾക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും കെസിബിസി പറഞ്ഞു. മതമൗലികവാദത്തെ രാജ്യത്ത് നിന്നും തുടച്ചുനീക്കാനും ദുർബലരായവരെ കൂടെ നിർത്താനും മാദ്ധ്യമ ഇടപെടലുകളും ആവശ്യമാണ്. ലോകവ്യാപകമായി ഇസ്ലാമിക ഭീകരർ നടത്തുന്ന ആക്രമണങ്ങളെ നേരിടാൻ ലോകരാഷ്‌ട്രങ്ങൾ ഒന്നിക്കണമെന്നും കെസിബിസി അഭ്യർത്ഥിച്ചു.
















Comments