ന്യൂഡൽഹി: പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങളോട് തങ്ങളോടൊപ്പം ചേരാൻ ഖാലിസ്ഥാൻ ഭീകരർ ആവശ്യപ്പെട്ടതിന് പിന്നാലെ സുരക്ഷാ മുന്നറിയിപ്പുമായി ഇന്റലിജൻസ്. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ പങ്കെടുത്ത സൈനികരെ വധിക്കാൻ തങ്ങളോടൊപ്പം ചേരാനാണ് ഖാലിസ്ഥാൻ ഭീകരർ ഗുണ്ടകളോട് ആഹ്വാനം ചെയ്തത്.
വീഡിയോ സന്ദേശത്തിലൂടെയാണ് ഖാലിസ്ഥാൻ ഭീകരരുടെ ദേശവിരുദ്ധ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് ഇന്റലിജൻസ് ഏജൻസികൾ സുരക്ഷാ ഉദ്യോഗസ്ഥർക്കും പഞ്ചാബ് സംസ്ഥാന പോലീസിനും മുന്നറിയിപ്പ് നൽകിയത്. എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും സൂക്ഷ്മ നിരീക്ഷണം നടത്താനും ഇന്റലിജൻസ് സുരക്ഷാ എജൻസികൾക്കും പഞ്ചാബ് സർക്കാരിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഖാലിസ്ഥാൻ ഭീകരർ പുറത്തുവിട്ടതുപോലെയുള്ള വീഡിയോകൾ ആരും ഷെയർ ചെയ്യരുതെന്നും സമൂഹമാദ്ധ്യമങ്ങൾ നിരീക്ഷണത്തിലാണെന്നും ഇന്റലിജൻസ് വ്യക്തമാക്കി.
ഖാലിസ്ഥാൻ പുറത്തുവിട്ട രണ്ടുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് നേതൃത്വം നൽകിയ ജനറൽ കുൽദീപ് ബ്രാർ , ബ്രിഗേഡിയൻ ഇസ്രാർ ഖാൻ എന്നിവർ സിഖ് സമൂഹത്തിന്റെ ശത്രുക്കളും 1984 ലെ അമൃത്സറിലെ ഓപ്പറേഷന് കാരണക്കാരുമാണെന്ന് ആരോപിക്കുന്നു. രണ്ട് ഉദ്യോഗസ്ഥരുടേയും വിദേശ യാത്രകൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 100,000 ഡോളർ പാരിതോഷികം നൽകുമെന്നും വീഡിയോയിലൂടെ പ്രഖ്യാപിച്ചു. കുപ്രസിദ്ധ ഗുണ്ടാ നേതാക്കൻമാരായ ലോറൻസ് ബിഷ്‌ണോയിയേയും ജഗ്ഗു ഭഗവാൻപുരിയെയും ദിൽപ്രീത് ബാബെയെയും ഖാലിസ്ഥാൻ ഹിതപരിശോധനയിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തിരുന്നു.
ഇന്ന് രാവിലെ അമൃത്സറിലെ സുവർണക്ഷേത്രത്തിലെത്തിയ ഭീകരർ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയും കലാപം സൃഷ്ടിക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. വാൾ അടക്കമുള്ള മാരകായുധങ്ങളുമായാണ് ഖാലിസ്ഥാനികൾ ക്ഷേത്രത്തിന് സമീപമെത്തിയത്.
















Comments