ഹരാരെ: ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സിംബാബ് വേയിൽ. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ് മുരളീധരൻ നടത്തുക. സിംബാബ് വേ വിദേശകാര്യസഹമന്ത്രി ഡേവിഡ് മുസബയാനയുടെ നേതൃത്വത്തിലാണ് മന്ത്രിയെ സ്വീകരിച്ചത്. സിംബാബ് വേ പ്രസിഡന്റ് എമേഴ്സൺ മനഗാഗ്വയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പരസ്പര സഹകരണം വർധിപ്പിക്കുന്നതിനായി സിംബാബ് വേയുടെ വിദേശകാര്യ-അന്താരാഷ്‌ട്ര വ്യാപാര മന്ത്രി ഡോ. ഫ്രെഡറിക് ഷാവയുമായി സഹമന്ത്രി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും.
ആരോഗ്യം, വിദ്യാഭ്യാസം, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ ഇന്ത്യ-സിംബാബ് വേ സഹകരണം സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. സിംബാബ് വേ രാഷ്‌ട്രീയ നേതൃത്വവുമായും അവിടുത്തെ ഇന്ത്യൻ സമൂഹവുമായും മന്ത്രി ചർച്ചകൾ നടത്തും. ജൂൺ 6, 7 തിയതികളിൽ സിംബാവെ സന്ദർശനം നടത്തുന്ന മുരളീധരൻ ജൂൺ 8-9 വരെ മലാവിയിലും തുടരും. മലാവി പ്രസിഡന്റ് ഡോ. ലാസറസ് മക്കാർത്തി ചക്വേരയെ സന്ദർശിക്കുകയും മറ്റ് മുതിർന്ന നേതാക്കളുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.
മലാവി വിദേശകാര്യ മന്ത്രി നാൻസി ടെംബോയുമായി പരസ്പര താൽപ്പര്യവും സഹകരണവും സംബന്ധിച്ച വിഷയങ്ങളിൽ അദ്ദേഹം ചർച്ച നടത്തും. രാഷ്‌ട്രീയ സഹകരണം, ആരോഗ്യം, ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ എല്ലാ മേഖലകളിലും സഹകരണം ശക്തമാക്കാനാണ് ചർച്ച. സന്ദർശന വേളയിൽ “ആസാദി കാ അമൃത് മഹോത്സവ്” ആഘോഷങ്ങളുടെ ഭാഗമായ പരിപാടികളിലും വി.മുരളീധരൻ പങ്കെടുക്കും. 2018 ൽ ഉപരാഷ്‌ട്രപതിയുടെ സിംബാബ് വേ സന്ദർശന വേളയിൽ വാഗ്ദാനം ചെയ്ത 10 ആംബുലൻസുകൾ സിംബാബ് വയ്‌ക്ക് സമ്മാനിച്ചിരുന്നു. 2021 മാർച്ചിൽ 35,000 കോവാക്സിൻ ഡോസുകളാണ് ഇന്ത്യ നൽകിയത്.
















Comments