ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാനാവില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. കൊറോണ ബാധിച്ച് ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണെന്നും അതിനാൽ പുറത്ത് വരാൻ സാധിക്കില്ലെന്നുമാണ് സോണിയ ഗാന്ധി അറിയിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശം ലഭിച്ചതിന് ശേഷം മാത്രമേ ക്വാറന്റൈൻ അവസാനിപ്പിക്കാനാകൂ എന്നാണ് സോണിയയുടെ വിശദീകരണം.
സോണിയ ഗാന്ധിയോട് ജൂണ് 8 ന് ഇഡി ഓഫീസിൽ എത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. അപ്പോഴാണ് സോണിയയ്‌ക്ക് കൊറോണ ബാധിച്ചത്. മകൻ രാഹുൽ ഗാന്ധി വിദേശത്തായിരുന്നതിനാൽ ഇഡിക്ക് മുന്നിൽ ഹാജരാകാനായിട്ടില്ല.
സോണിയക്കും രാഹുലിനും പുറമെ എഐസിസി ജനറൽ സെക്രട്ടറി ഓസ്‌കർ ഫെർണാണ്ടസ്, സുമൻ ദുബേ, സാം പിത്രോഡ എന്നിവർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രിൽ 12ന് മുൻപ് മറുപടി നൽകാനും അതുവരെ വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്യാനുമാണ് ഉത്തരവ്.
നാഷണൽ ഹെറാൾഡ് കേസ്
2013-ൽ ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി ഒരു സ്വകാര്യ ക്രിമിനൽ പരാതി നൽകി, അതിൽ സോണിയാ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും മറ്റ് പലരും അസോസിയേറ്റഡ് ജേർണലിന്റെ 2000 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ‘വെറും 50 ലക്ഷം രൂപ നൽകി’ തട്ടിയെടുത്തുവെന്ന് ആരോപിച്ചു. കേസിൽ 2015 ഡിസംബറിൽ 50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടിന്റെയും ആൾജാമ്യത്തിന്റെയും അടിസ്ഥാനത്തിൽ ഡൽഹി ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചു.
Comments