തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിൽ വീണ്ടും പ്രതികരണവുമായി വനംമന്ത്രി എകെ ശശീന്ദ്രൻ. ഉത്തരവിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെടുമെന്നും സർക്കാർ കർഷകർക്ക് ഒപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.
വിഷയത്തിൽ നിയമോപദേശം തേടാതെ മന്ത്രിയെന്ന നിലയിലോ മന്ത്രിസഭയ്‌ക്കോ മുന്നോട്ട് പോകാനാകില്ല. നിയമപരമായ വഴിയിലൂടെ മാത്രമേ ഇക്കാര്യത്തിൽ മുന്നോട്ട് നീങ്ങാൻ കഴിയൂ. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കർഷകർക്കെതിരായ നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുകയില്ലെന്നും വനം മന്ത്രി പ്രതികരിച്ചു.
വനാതിർത്തിയിൽ ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുകയാണെങ്കിൽ കേരളത്തിന്റെ പ്രത്യേക സാഹചര്യം അനുസരിച്ച് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കേണ്ടിവരും. ഇതിനെ രാഷ്‌ട്രീയപരമായല്ല നിയമപരമായിട്ടാണ് കൈകാര്യം ചെയ്യേണ്ടതെന്നും വനംമന്ത്രി പറഞ്ഞു.
ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കുകയെന്നതാണ് സംസ്ഥാന സർക്കാർ നിലപാട് അതിൽ ഉറച്ചു നിൽക്കും. കർഷകരുമായി ഏറ്റുമുട്ടേണ്ടതിന്റെ സാഹചര്യമില്ലെന്നും സുപ്രീംകോടതിയെ സമീപിക്കാനുള്ള വഴികൾ ലഭിച്ചിട്ടുണ്ടെന്നും എ.കെ ശശീന്ദ്രൻ അറിയിച്ചു. അതേസമയം സുപ്രീം കോടതി ഉത്തരവ് പരിശോധിച്ച് വരികയാണ് കേന്ദ്ര വനംമന്ത്രാലയം. സംസ്ഥാനങ്ങൾക്ക് അനുകൂലമായ നിലപാടാണ് നിലവിൽ കേന്ദ്രസർക്കാരും സ്വീകരിച്ചിട്ടുള്ളത്.
Comments