ബംഗളൂരു : അഞ്ച് വയസ്സുകാരിയുടെ കൈ ചൂടുള്ള ലോഹം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ ക്രൂരത. ഭക്ഷണം ചോദിച്ചതിനാണ് പിഞ്ചു കുഞ്ഞിനോട് ഈ ക്രൂരത കാണിച്ചത്. വാഡി ടൗണിന് സമീപമുള്ള നാൽവാർ സ്റ്റേഷൻ തണ്ടയിലാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽക്കാരാണ് അഞ്ച് വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മാരേമ്മയ്‌ക്കെതിരെ ഇവർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
രണ്ട് വർഷം മുമ്പ് ആദ്യഭാര്യ മരിച്ചതിന് ശേഷമാണ് പെൺകുട്ടിയുടെ അച്ഛൻ ടിപ്പണ്ണ, മാരേമ്മയെ വിവാഹം കഴിച്ചത്. കുറച്ച് മാസങ്ങൾക്ക് മുൻപ് ടിപ്പണ്ണ പൂനെയിലേക്ക് ജോലിക്ക് പോയി. ഇതോടെയാണ് മാരേമ്മ പെൺകുട്ടിയെ ഉപദ്രവിക്കാൻ ആരംഭിച്ചത്. കുട്ടിയെ മാരേമ്മ നിരന്തരം മർദ്ദിക്കാറുണ്ടെന്ന് അയൽവാസികളും പറയുന്നു.
ചൊവ്വാഴ്ച രാവിലെ വിശപ്പ് സഹിക്കാനാവാതെ വന്നതോടെയാണ് കുഞ്ഞ് മാരേമ്മയോട് ഭക്ഷണം ചോദിച്ചത്. ഇത് കേട്ട് ദേഷ്യം വന്ന മാരേമ്മ കുട്ടിയുടെ കൈ ചൂടുള്ള ലോഹം ഉപയോഗിച്ച് പൊളളിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ കട്ടിലിൽ കെട്ടിയിടുകയും ചെയ്തു.
നാട്ടുകാർ വന്ന് നോക്കുമ്പോൾ കുട്ടിയെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇവരാണ് കുട്ടിയെ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചത്. സംഭവത്തിൽ മാരേമ്മയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വാഡി പോലീസ് അറിയിച്ചു.
Comments