കൊൽക്കത്ത: എഎഫ്സി ഏഷ്യൻ കപ്പ് 2023 യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ജയം. സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഇരട്ടഗോളിന്റെ പിൻബലത്തിൽ ഇന്ത്യ 2-0 ന് കംബോഡിയയെ തോൽപിച്ചു. രാജ്യത്തിനായി തന്റെ 127-ാം മത്സരം കളിക്കുന്ന ഛേത്രി 14-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി തന്റെ 81-ാം അന്താരാഷ്‌ട്ര ഗോൾ നേടി.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഇന്ത്യയാണ് കളി നിയന്ത്രിച്ചത്. സന്ദർശകൻ കൂടുതൽ പ്രതിരോധത്തിൽ ഊന്നിയാണ് കളിച്ചത്. മിക്ക അവസരങ്ങളിലും എട്ട് പേരുമായി ബോക്സ് കാക്കാൻ ശ്രമിച്ചു.
ഛേത്രിയുടെ ആദ്യ ഗോൾ പെനാൽറ്റിയിലൂടെയായിരുന്നു. ഡിഫൻഡർ കോക്ക് ബോറിസ് കംബോഡിയൻ ബോക്സിനുള്ളിൽ ലിസ്റ്റൻ കൊളാക്കോയെ വീഴ്‌ത്തിയപ്പോൾ റഫറി പെനാൽറ്റി സ്‌പോട്ടിലേക്ക് വിരൽ ചൂണ്ടി. അവസരം മുതലെടുത്ത ഇന്ത്യൻ നായകന് പിഴച്ചില്ല(1-0).
ഇടവേളയ്‌ക്ക് ശേഷവും ഇന്ത്യ മികച്ചു നിന്നു. കോച്ച് ഇഗോർ സ്റ്റിമാക് രണ്ട് മാറ്റങ്ങൾ വരുത്തി. ആക്രമണം കൂടുതൽ ഫലപ്രദമാക്കി. പൊരുതി നിന്ന മൻവീർ സിംഗ്, അനിരുദ്ധ് ഥാപ്പ എന്നിവർക്ക് പകരക്കാരനായി ഇറങ്ങിയ മുന്നേറ്റ താരം സഹൽ അബ്ദുൾ സമദിന്റെയും വിങ്ങർ ഉദാന്ത സിംഗിന്റെയും വരവ് ആക്രമണം ശക്തമാക്കി. ഇത് രണ്ടാം ഗോളിന് വഴിയൊരുക്കി.
ബ്രാൻഡൻ ഫെർണാണ്ടസിന്റെ ക്രോസിൽ തലവച്ച് ഛേത്രി കംബോഡിയയുടെ വല വീണ്ടും കുലുക്കി. ഇന്ത്യൻ വിജയം ഉറപ്പിക്കുന്നതിനും തന്റെ 82ാം അന്താരാഷ്‌ട്ര ഗോൾ നേടുന്നതിനും ഛേത്രിയ്‌ക്ക് കഴിഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച സ്ട്രൈക്കർ അവിസ്മരണീയമായ പ്രകടനത്തിലൂടെ തങ്ങളുടെ പ്രതീക്ഷകൾ സാക്ഷാത്കരിച്ചതിനാൽ ആതിഥേയരെ പിന്തുണക്കാൻ സ്‌റ്റേഡിയത്തിൽ എത്തിയ ആയിരങ്ങൾ ആഘോഷമാക്കി.
രണ്ടാം പകുതിയുടെ മധ്യത്തിൽ ക്യാപ്റ്റൻ ഛേത്രിയെ മാറ്റിയ ശേഷം, പകരക്കാരായ സഹൽ അബ്ദുൾ സമദും ആഷിക് കുരുണിയനും എത്തി. എന്നാൽ ഫിനിഷിംഗ് പിഴവ് കാരണം ഇവർക്ക് ഗോൾ കണ്ടെത്താനായില്ല. കംബോഡിയൻ ദേശീയ ഗാനം ആലപിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടതിനെത്തുടർന്ന് മത്സരത്തിന്റെ തുടക്കത്തിൽ ഒരു ചെറിയ തർക്കം കാരണം ഏഴ് മിനിറ്റ് വൈകി. ഇന്ത്യൻ ഗാനം ആലപിച്ചതിന് ശേഷം ഒരു നീണ്ട നിശ്ചലാവസ്ഥ ഉണ്ടായി, സൗണ്ട് കൺസോൾ പ്രവർത്തിപ്പിക്കുന്നയാൾ കംബോഡിയൻ ഗാനം തത്സമയം കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടതിനാൽ ഇരു ടീമുകളും പിച്ചിൽ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഒരു കംബോഡിയൻ ഒഫീഷ്യൽ തന്റെ സെൽ ഫോണിൽ പ്ലേ ചെയ്യാൻ മുന്നോട്ട് വന്നതോടെ പ്രശ്‌നം പരിഹരിച്ചു.
















Comments