മലപ്പുറം: കള്ളക്കത്തുമായി ബന്ധപ്പെട്ടുള്ള സ്വപ്‌നയുടെ ആരോപണങ്ങൾ വീണ്ടും നിഷേധിച്ച് എംഎൽഎ കെ.ടി ജലീൽ. പങ്കുണ്ടെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് മുൻപുതന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. രാഷ്‌ട്രീയ വിശുദ്ധിയും സത്യസന്ധതയും എത്രയോ ഇരട്ടി ഇടത് പക്ഷത്ത് പ്രവർത്തിക്കുന്നവർക്കുണ്ടെന്നും കെ.ടി ജലീൽ മാദ്ധ്യമ സമ്മേളനത്തിൽ പറഞ്ഞു.
സ്വർണക്കള്ളക്കടത്തിൽ പ്രതി വെളിപ്പെടുത്തിയ ആളുകൾക്ക് പങ്കുണ്ടെങ്കിൽ അവർ പണ്ടേ അകത്ത് കിടന്നേനെ. അത്രയും വലിയ സംവിധാനങ്ങളാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ പക്കലുള്ളത്. അണുമണിതൂക്കം പോലും തങ്ങൾക്ക് കള്ളക്കടത്തിൽ പങ്കില്ല.
30 വർഷക്കാലമായുള്ള തന്റെ അക്കൗണ്ടുകൾ മുൻപ് ഇഡി പരിശോധിച്ചു. എന്ത് വേണമെങ്കിലും അന്വേഷിക്കാം. യുഡിഎഫും ബിജെയും ഒന്നിച്ചാണ് ഇടത് പക്ഷത്തിനെതിരെ ഗൂഢാലോചന നടത്തുന്നത്. സ്വപ്‌നയും പിസി ജോർജും പറയുന്നത് നട്ടാൽ മുളയ്‌ക്കാത്ത നുണയാണ്. കേരളത്തിലെ ജനങ്ങൾ ഈ നുണകൾ ഒന്നും വിശ്വസിക്കില്ലെന്നും ജലീൽ പറഞ്ഞു.
താൻ എസ്ഡിപിഐയുടെ ആളാണ് എന്നാണ് പി.സി ജോർജ് പറയുന്നത്. എസ്ഡിപിഐയെ ആരംഭം മുതൽ ശക്തിയായ എതിർത്ത ആളെന്ന നിലയിൽ അഭിമാനം ഉണ്ട്. മതാനുഷ്ഠാനങ്ങൾ അനുസരിച്ച് ജീവിക്കുന്ന മുസ്ലീമാണ് താൻ. അതിനെയാണ് തീവ്രവാദമായി പറയുന്നത്. ഇസ്ലാം മത ഭൂരിപക്ഷ വിശ്വാസികൾ എല്ലാവരും മതം അനുസരിച്ച് ജീവിക്കാൻ താത്പര്യപ്പെടുന്നവരാണ്. തനിക്ക് ആരുടെയും സർട്ടിഫിക്കേറ്റ് വേണ്ട.
സ്വർണക്കടത്ത് കേസിലെ പ്രതി എന്തിനാണ് ഇങ്ങനെ കാലിട്ടടിയ്‌ക്കുന്നത്. അന്വേഷണങ്ങൾ നടക്കട്ടെ. എല്ലാറ്റിനെക്കുറിച്ചും പോലീസ് അന്വേഷിക്കണം. ആയിരം കൊല്ലം അന്വേഷിച്ചാലും തങ്ങളെക്കുറിച്ച് ഒന്നും കണ്ടെത്താൻ കഴിയില്ല. കാരണം കള്ളക്കടത്തിൽ പങ്കില്ലെന്നും ജലീൽ വ്യക്തമാക്കി.
Comments