പാലക്കാട് : അട്ടപ്പാടി മധു കേസിൽ വാദിഭാഗത്തിന്റെ ഒരു സാക്ഷികൂടി കൂറുമാറി . പതിനൊന്നാം സാക്ഷി ചന്ദ്രനാണ് മൊഴിമാറ്റി പറഞ്ഞത്. മധുവിന്റെ ബന്ധു കൂടെയായ ഇയാൾ നേരത്തെ നൽകിയ മൊഴി കോടതിയിൽ നിഷേധിച്ചു. പത്താംസാക്ഷി ഉണ്ണിക്കൃഷ്ണൻ ഇന്നലെ കോടതിയിൽ മൊഴി മാറ്റി പറഞ്ഞിരുന്നു. പ്രതികൾ മധുവിനെ ദേഹോപദ്രവമേൽപ്പിക്കുന്നത് കണ്ടുവെന്ന് മുമ്പ് പോലീസിന് ഇയാൾ മൊഴി നൽകിയിരുന്നു.തന്നെ പ്രതിയാക്കുമോ എന്ന ഭയത്തിലാണ് പോലീസിന് ആദ്യം മൊഴികൊടുത്തതെന്ന് ഉണ്ണികൃഷണൻ പറഞ്ഞു.
സംഭവ ദിവസം മൂന്നുമണിയോടെയാണ് ആൾക്കൂട്ടം മധുവിനെ മുക്കാലിയിൽ എത്തിച്ചത്.തുടർന്ന് പോലീസെത്തി ജീപ്പിൽ കൊണ്ടുപോവുകയതിനും ദൃക്സാക്ഷിയാണ് ഉണ്ണിക്കൃഷ്ണൻ. ഇയാളുടെ വിസ്താരം നടക്കവെ ഈസമയത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രാജേന്ദ്രനാണ് സാക്ഷിയെ വിസ്തരിച്ചത്.
ദൃശ്യങ്ങളിൽ ആൾക്കൂട്ടത്തിനിടയിൽനിൽക്കുന്ന പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു. എന്നാൽ, ഈ പ്രതികൾ മധുവിനെ ഉപദ്രവിച്ചതു കണ്ടിട്ടില്ലെന്നാണ് ഇയാൾ പറഞ്ഞത്. അതേസമയം തന്റെ ബൈക്ക് മോഷണം പോയതിനെക്കുറിച്ച് സാക്ഷി മധുവിനോട് സംസാരിച്ചിരുന്നു.ബൈക്ക് കാട്ടിലുണ്ടെന്നും അത് തിരിച്ചുനൽകാമെന്നും, ഭക്ഷണം വേണോ എന്നുചോദിച്ചപ്പോൾ വിശപ്പില്ലെന്നും മധു പറഞ്ഞതായി സാക്ഷി പറഞ്ഞു.
ആൾക്കൂട്ടത്തിൽ എത്രപേർ ഉണ്ടായിരുന്ന എന്ന ചോദ്യത്തിന് 250-ലധികം ആളുകൾ ഉണ്ടായിരുന്നെന്നും പ്രതിചേർക്കപ്പെട്ടവരെ മുമ്പ് അറിയാവുന്നതുകൊണ്ടാണ് ഇവരെ തിരിച്ചറിഞ്ഞതെന്നും സാക്ഷി പറഞ്ഞു.മണ്ണാർക്കാട് പ്രത്യേക കോടതിയിൽ ഇന്നതലെ 10 മുതലുള്ള സാക്ഷികളെയാണ് വിസ്തരിക്കേണ്ടിയിരുന്നത് .എന്നാൽ, രാവിലെമുതൽ വൈകുന്നേരംവരെ പത്താംസാക്ഷി ഉണ്ണിക്കൃഷ്ണനെ വിസ്തരിക്കുകയായിരുന്നു. 11 മുതൽ 16 വരെയുള്ള സാക്ഷികളെ ഇന്ന് വിസ്തരിക്കും.
അട്ടപ്പാടി മധു കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായി കഴിഞ്ഞദിവസം കുടുംബം ആരോപിച്ചിരുന്നു. നാളിതുവരെ പ്രോസിക്യൂട്ടർമാർക്ക് അലവൻസുകളോ സൗകര്യങ്ങളോ നൽകാത്തത് കേസിനെ സാരമായി ബാധിക്കുന്നുണ്ടെന്നും മധുവിന്റെ അമ്മയും സഹോദരിയും വ്യക്തമാക്കിയിരുന്നു.കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ ശ്രമം നടത്തുന്നുണ്ട്. പണം നൽകി കേസ് ഒതുക്കിതീർക്കാനും ശ്രമം നടക്കുന്നു. മധുവിന് നീതി ലഭിച്ചില്ലെങ്കിൽ സമരവുമായി തെരുവിൽ ഇറങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം .
















Comments