ടെഹ്‌റാൻ: പ്രവാചകനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ഇന്ത്യാ ഗവണ്മെന്റ് സ്വീകരിച്ച നടപടികൾ തൃപ്തികരമെന്ന് ഇറാൻ. ഇറാനിയൻ വിദേശകാര്യ വകുപ്പ് മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ ഇന്ത്യയിൽ സന്ദർശനം നടത്തുകയാണ് അബ്ദുള്ളാഹിയാൻ. ഇന്ത്യയിലെ ചില രാഷ്‌ട്രീയ നേതാക്കൾ നടത്തിയ പ്രവാചകനുമായി ബന്ധപ്പെട്ട പ്രസ്താവനകൾ അബ്ദുള്ളാഹിയാൻ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ശ്രദ്ധയിൽപ്പെടുത്തി. സംഭവത്തിൽ ഇന്ത്യയുടെ നിലപാട് ഡോവൽ അബ്ദുള്ളാഹിയാനെ അറിയിച്ചു. ഇന്ത്യ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്ന് അദ്ദേഹം മറുപടി നൽകി.
പ്രവാചകൻ മുഹമ്മദിനോടുള്ള ആദരവ് ഇന്ത്യാ ഗവണ്മെന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനെതിരെ പ്രവർത്തിക്കുന്നവരെ നിയമപരമായി കൈകാര്യം ചെയ്യുക എന്നതാണ് സർക്കാർ നയം എന്ന് ഡോവൽ ഉറപ്പ് നൽകിയതായി ഇറാൻ പ്രസ്താവനയിൽ വ്യക്തമാക്കി.
എല്ലാ മതങ്ങളോടും ആദരവ് പുലർത്തുന്ന ജനതയാണ് ഇന്ത്യയിലേത്. ആ ജനങ്ങളുടെ മനസാക്ഷിയുടെ അംഗീകാരമാണ് ഇന്ത്യൻ സർക്കാർ. മതസൗഹാർദ്ദത്തിന്റെ ലോകമാതൃകയായ ഇന്ത്യയിൽ ചരിത്രാതീതകാലം മുതൽ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ സൗഹൃദത്തിലും സാഹോദര്യത്തിലും ജീവിക്കുന്നു. മുസ്ലീങ്ങളുടെ മതപരമായ വിഷയങ്ങളിൽ ആശങ്കാജനകമായ സംഭവവികാസങ്ങൾ ഉണ്ടാകുമ്പോൾ അവ പരിഹരിക്കാൻ സന്മനസ്സ് കാണിക്കുന്ന ഇന്ത്യൻ സർക്കാരിന് നന്ദി അറിയിക്കുകയാണെന്നും ഇറാനിയൻ വിദേശകാര്യ വകുപ്പ് മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ പ്രസ്താവനയിൽ പറഞ്ഞു.
















Comments