ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ തുടർച്ചയായ രണ്ടാം മാസവും കുറവ്. തൊഴിലില്ലായ്മ വർദ്ധിക്കുന്നുവെന്ന പ്രതിപക്ഷ വിമർശനത്തിനിടെയാണ് പുതിയ കണക്കുകൾ പുറത്തുവന്നത്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) ആണ് കണക്കുകൾ പ്രസിദ്ധപ്പെടുത്തിയത്.
തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ 7.83% ആയി കുറഞ്ഞിരുന്നു. ഇത് മെയ് മാസത്തിൽ 7.12% ആയിട്ടാണ് വീണ്ടും താഴ്ന്നത്. മെയ് മാസത്തിലെ കണക്കിൽ 10 ലക്ഷം പേർക്ക് കൂടി തൊഴിൽ ലഭിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് തൊഴിൽ ലഭിച്ചവരുടെ ആകെ എണ്ണം 404 മില്യനിൽ എത്തി.
കാർഷിക വ്യവസായ മേഖലകളിൽ നിന്നും തൊഴിലവസരങ്ങൾ സേവന മേഖലയിലേക്കും വ്യാവസായിക മേഖലയിലേക്കും മാറിയതായും സിഎംഐഇ കണക്കുകളിൽ പറയുന്നു. ഏപ്രിലിൽ കാർഷിക മേഖലയിലെ തൊഴിലവസരങ്ങളിൽ 5.2 മില്യൻ കുറവ് വന്നിരുന്നു. മെയ് മാസത്തിൽ ഇത് 9.6 ആയി. കൊറോണ ഭീഷണി ഒഴിഞ്ഞതോടെ വ്യവസായ മേഖല സജീവമായതാണ് ഈ മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ രണ്ട് മാസങ്ങളായി ഉൽപാദന മേഖലയിൽ 5.4 മില്യൺ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. ഇതോടെ ഈ മേഖലയിലെ തൊഴിൽ നിരക്ക് 34 മില്യൺ ആയി. കൊറോണയ്‌ക്ക് ശേഷമുള്ള ഉയർന്ന നിരക്കാണിത്. നിർമാണ മേഖലയിൽ 10 മില്യൺ തൊഴിലവസരങ്ങളാണ് ഉണ്ടായത്.
വ്യവസായ മേഖലയിൽ രണ്ട് മാസത്തിനുളളിൽ 15.6 മില്യൻ തൊഴിലവസരമാണ് സൃഷ്ടിക്കപ്പെട്ടത്. സേവന മേഖലയിൽ 7.2 മില്യൻ തൊഴിലവസരവും ഉണ്ടായി. ഇതോടെ ഏപ്രിൽ മെയ് മാസങ്ങളിലായി 80 ലക്ഷത്തോളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.
ജൂണിൽ വിതയ്‌ക്കൽ കാലം ആരംഭിക്കുന്നതിനാൽ കാർഷിക മേഖലയിലെ തൊഴിൽ നിരക്ക് ഉയരാനുളള സാദ്ധ്യതയുണ്ടെന്നും ഇത് തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് വർദ്ധിപ്പിക്കുമെന്നും സിഎംഐഇ പ്രതീക്ഷ പ്രകടിപ്പിച്ചു.
Comments