ന്യൂഡൽഹി: പ്രവാചകനുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങൾ ഏറ്റെടുത്ത് വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം രാജ്യവ്യാപകമായി അക്രമം അഴിച്ചുവിട്ട് മതതീവ്രവാദികൾ. മിക്ക സംസ്ഥാനങ്ങളിലും അക്രമികൾ കലാപ സമാനമായ സാഹചര്യം സൃഷ്ടിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.
സംസ്ഥാന അതിർത്തികളിലും പ്രശ്നസാദ്ധ്യതാ പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണം. പോലീസ് സംവിധാനം ഏത് സാഹചര്യവും നേരിടാൻ സജ്ജമായിരിക്കണം. സംശയാസ്പദമായ ഏതൊരു നീക്കവും ഉദ്യോഗസ്ഥർ മേലധികാരികളെ അറിയിക്കണമെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.
കലാപസമാനമായ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ഉത്തർ പ്രദേശിൽ പോലീസ് നടപടികൾ ശക്തമാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയ പോലീസ് ഇതുവരെ 136 പേരെ അറസ്റ്റ് ചെയ്തു. രാത്രി വൈകിയും പോലീസ് പരിശോധന തുടരുകയാണ്. സംസ്ഥാനത്തെ സംഘർഷ സാദ്ധ്യതാ മേഖലകളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു.
ഉത്തർ പ്രദേശിന് പുറമെ ഡൽഹി, മഹാരാഷ്‌ട്ര, കർണാടക, ജാർഖണ്ഡ്, പഞ്ചാബ്, ഹൈദരാബാദ്, ഗുജറാത്ത് എന്നിവിടങ്ങളിലും അക്രമികൾ തെരുവുകളിൽ അഴിഞ്ഞാടി. ജാർഖണ്ഡിലെ റാഞ്ചിയിൽ ജുമാ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ആൾക്കൂട്ടം എക്കാ ചൗക്കിലെ ഹനുമാൻ ക്ഷേത്രം ആക്രമിച്ചു. ക്ഷേത്രം തകർക്കാൻ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ ക്ഷേത്ര ഗോപുരത്തിന് വലിയ കേടുപാടുകൾ സംഭവിച്ചു.
















Comments