കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന വേദിയിൽ കറുത്ത മാസ്‌കിനും നിരോധനം. കറുത്തമാസ്‌ക് അണിഞ്ഞ് വന്ന മാദ്ധ്യമപ്രവർത്തകയുടെ മാസ്‌ക് നിർബന്ധിപ്പിച്ച് ഊരിമാറ്റി പകരം നീല മാസ്‌ക് നൽകിയതായി പരാതി. ജവഹർലാൽ നെഹ്രു മെട്രോ സ്‌റ്റേഷൻ പരിസരത്തെ പരിപാടിയിലാണ് സംഭവം.വ്യക്തമായ കാരണം പറയാതെയാണ് മാസ്‌ക് മാറ്റിച്ചതെന്ന് മാദ്ധ്യമപ്രവർത്തക ആരോപിച്ചു.
ഇന്ന് രാവിലെ കോട്ടയത്ത് നടന്ന പരിപാടിയിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മാദ്ധ്യമങ്ങൾക്കും വിചിത്രമായ തരത്തിലുള്ള നിയന്ത്രണങ്ങളാണ് സമ്മേളനം നടക്കുന്ന മാമ്മൻ മാപ്പിള ഹാളിൽ ഒരുക്കിയിരുന്നത്. ഒന്നരമണിക്കൂർ മുമ്പേ മാദ്ധ്യമപ്രവർത്തകർ പരിപാടിയ്‌ക്ക് അകത്ത് കയറി ഇരിക്കണമെന്നായിരുന്നു നിർദ്ദേശം. മാദ്ധ്യമപ്രവർത്തകർക്കും കറുത്ത മാസ്‌കിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. പ്രത്യേക പാസ്സ് വാങ്ങിയ മാദ്ധ്യമപ്രവർത്തകർക്ക് മാത്രമെ പരിപാടിയിൽ പങ്കെടുക്കാനായിരുന്നുള്ളൂ.
കോട്ടയത്ത് കെ ജി ഒ എ സമ്മേളന വേദിയിൽ മുഖ്യമന്ത്രി എത്തുന്നതിന് ഒന്നേകാൽ മണിക്കൂർ മുമ്പ് പ്രധാന കവലകളിലെല്ലാം മുന്നറിയിപ്പില്ലാതെ വാഹനം തടഞ്ഞത് ജനത്തെ വലച്ചിരുന്നു. വീട്ടിലെത്താനായി പിഞ്ചുകുഞ്ഞിനെയുമെടുത്ത് നഗരം ചുറ്റേണ്ട അവസ്ഥവരെ ജനങ്ങൾക്കുണ്ടായി.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം മറികടക്കാൻ സുരക്ഷവർദ്ധിപ്പിച്ചാണ് മുഖ്യമന്ത്രി പരിപാടികളിൽ പങ്കെടുക്കുന്നത്. കറുത്ത വസ്ത്രങ്ങളും കർച്ചീഫും മാസ്‌കുമടക്കമുള്ള സാധനങ്ങൾക്ക് മുഖ്യമന്ത്രിയുടെ പരിപാടികളിൽ വിലക്കുണ്ട്. പ്രതിഷേധക്കാർ കരിങ്കൊടി കാണിക്കുന്നത് ഏത് വിധേനയും നേരിടാനാണ് ഭീഷണിയുടെ പേരിൽ ഈ കനത്ത സുരക്ഷ.
വൻ സുരക്ഷാ വിന്യാസങ്ങൾക്കിടയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കരിങ്കൊടി കാട്ടിയ രണ്ട് ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.അതീവ സുരക്ഷയുടെ ഭാഗമായി നാൽപ്പതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തിൽ 5 പേർ ഉണ്ടാകും. രണ്ട് കമാൻഡോ വാഹനങ്ങളും സുരക്ഷയ്‌ക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. എട്ട് അംഗ ദ്രുത കർമ്മ പരിശോധന സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. ഇത് കൂടാതെ ജില്ലകളിൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഒരു പൈലറ്റ് വാഹനവും എസ്‌കോർട്ടും കൂടുതലായെത്തും.
















Comments