ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി എംപി; കുറച്ചത് 15 കിലോ ശരീരഭാരം, മണ്ഡലത്തിന് ലഭിക്കുക 15,000 കോടി രൂപ
ഭോപ്പാൽ : കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത ബിജെപി എംപി കുറച്ചത് 15 കിലോ .ഉജ്ജയിൻ എംപിയായ അനിൽ ഫിറോജിയയാണ് സ്വന്തം മണ്ഡലത്തിലെ വികസന സ്വപനങ്ങൾ സാക്ഷാത്കരിക്കാൻ 15 കിലോ കുറച്ചത്.നഷ്ടപ്പെടുന്ന ഓരോ കിലോഗ്രാമിനും 1000 കോടി രൂപ നൽകുമെന്ന് നിതിൻ ഗഡ്കരി വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഇത്. ഗഡ്കരി വാക്ക് നിറവേറ്റുമ്പോൾ അനിൽ ഫിറോജിയയുടെ മണ്ഡലത്തിൽ 15,000 കോടി രൂപയുടെ വികസന പ്രവൃത്തികൾ നടക്കും.
ഫെബ്രുവരിയിലാണ് അനിൽ ഫിറോജിയ ഈ ദൗത്യത്തിലേക്ക് എത്തുന്നതിന് കാരണമായ സംഭവം നടക്കുന്നത് 5772 കോടിയുടെ 11 റോഡ് പദ്ധതികളുടെ കല്ലിടൽ കർമ്മം നിർവഹിക്കാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. അതിനിടെ എംപിയുടെ അമിതവണ്ണം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അങ്ങനെ കല്ലിടൽ ചടങ്ങിൽ വെച്ച് അദ്ദേഹം എംപിയെ വെല്ലുവിളിക്കുകയും ആകർഷകമായ വാഗ്ദാനം നൽകുകയും ചെയ്തു. എംപി കുറയ്‌ക്കുന്ന ഓരോ കിലോ ശരീരഭാരത്തിനും 1000 കോടിരൂപ എന്നതായിരുന്നു ആ വാഗ്ദാനം.
വെല്ലുവിളി സ്വീകരിച്ച് നാല് മാസം മുമ്പ് 127 കിലോ ഭാരമുണ്ടായിരുന്ന ഫിറോജിയ ഇതിനകം 15 കിലോ കുറച്ചു. തന്റെ ഭാരം 100 കിലോയിൽ താഴെ എത്തിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.ഇപ്പോൾ ആളുകൾ തന്നെ തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പറയുന്നു.ഗഡ്കരിയുടെ വെല്ലുവിളി സ്വീകരിച്ച ഫിറോജിയ ഭാരം കുറയ്‌ക്കുന്നതിനായി ഭക്ഷണക്രമം പാലിക്കുകയും ശാരീരിക വ്യായാമം, സൈക്ലിംഗ്, നീന്തൽ, യോഗ എന്നിവയിൽ മുഴുകുകയും ചെയ്തു. തന്റെ വാഗ്ദാനം ഗഡ്കരി നിറവേറ്റുമെന്നാണ് എംപിയുടെ പ്രതീക്ഷ .
“‘മണ്ഡലത്തിന്റെ വികസനത്തിനായി അനിൽ തുടർച്ചയായി എന്നോട് ഫണ്ട് ആവശ്യപ്പെടുന്നു. അതിനാൽ ഞാൻ അദ്ദേഹത്തിന് മുന്നിൽ ഒരു നിബന്ധന വെയ്‌ക്കുന്നു. ഞാൻ 135 കിലോ ഉണ്ടായിരുന്നു.ഇപ്പോൾ 93 കിലോ ആയി കുറഞ്ഞു.അതുകൊണ്ട് തന്നെ അനിൽ കുറയ്‌ക്കുന്ന ഓരോ കിലോ ഭാരത്തിനും ഉജ്ജയിൻ വികസനത്തിനായി 1000 കോടി വീതം ഞാൻ നൽകാം,നിങ്ങൾ ഭാരം കുറയ്‌ക്കൂ “എന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്.
‘പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ, ഞാൻ അദ്ദേഹത്തെ കാണുകയും എന്റെ ഭാരത്തിന്റെ വിശദാംശങ്ങൾ അദ്ദേഹവുമായി പങ്കിടുകയും ചെയ്യുമെന്നും ,അദ്ദേഹം തന്റെ വാഗ്ദാനം പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ” ഫിറോജിയ പറയുന്നു.
Comments