ഗുവാഹത്തി : ചാനലിൽ ലൈവ് പ്രോഗ്രാമിനിടെ മുഹമ്മദ് നബിയുടെ സ്തുതി ഗീതവും പാക് പതാകയും പ്രത്യക്ഷപ്പെട്ടു. അസം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൈം 8 എന്ന ചാനലിന്റെ യൂട്യൂബ് സംപ്രേക്ഷണത്തിനിടെയാണ് സംഭവം. ”വിശുദ്ധ പ്രവാചകനെ ബഹുമാനിക്കുക” എന്നും ചാനലിൽ എഴുതിക്കാണിച്ചിരുന്നു. പാകിസ്താനിൽ നിന്നുണ്ടായ സൈബർ ആക്രമണമാണ് ഇതിന് പിന്നിലെന്ന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ജൂൺ 9 നായിരുന്നു സംഭവം. ഏഴ് മില്യൺ ഫോളോവേഴ്‌സുള്ള ചാനലാണ് പാക് സൈബർ അക്രമികൾ ഹാക്ക് ചെയ്തത്. സംഭവത്തിൽ ആശങ്ക അറിയിച്ചുകൊണ്ട് ടൈം8 ഡിജിറ്റൽ ന്യൂസ് നെറ്റ്വർക്കിന്റെ സ്ഥാപകനും മാനേജിംഗ് എഡിറ്ററുമായ ഉത്പൽ കാന്ത രംഗത്തെത്തി. പാകിസ്താൻ ഹാക്കർ ഗ്രൂപ്പായ റെവല്യൂഷൻ പികെയാണ് ഇതിന് പിന്നിലെന്ന് കാന്ത പറഞ്ഞു. ലൈവ് സ്ട്രീമിംഗിനിടെ ടൈം8 യുട്യൂബ് ചാനൽ ഹാക്ക് ചെയ്യുകയും വാർത്താ സംപ്രേക്ഷപണം മാറ്റി പാകിസ്താൻ പതാക ഉപയോഗിക്കുകയും പ്രവാചകനെ ബഹുമാനിക്കുക എന്ന സന്ദേശം നൽകുകയും ചെയ്തു. ഇതൊരു സൈബർ തീവ്രവാദ പ്രവർത്തനമാണെന്നും ഇതിൽ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താൻ ഹാക്കർമാർ തങ്ങളുടെ മതപരമായ കാഴ്ചപ്പാടുകൾ ചാനലിൽ നിയമവിരുദ്ധമായി പ്രകടിപ്പിക്കുകയും, രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിടുകയും ചെയ്യുന്നു. ഹാക്ക് ചെയ്ത വീഡിയോകളുടെ ഭാഗം അവർ ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവെച്ചു. ഇതിനെ അനുകൂലിച്ചുകൊണ്ട് പാകിസ്താനിലെ ട്വിറ്റർ ഉപയോക്താക്കളും രംഗത്തെത്തി.സംഭവത്തിൽ ഗുവാഹത്തി പോലീസിന് പരാതി നൽകിയതായി ചാനൽ ഉടമ അറിയിച്ചു.
Comments