കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയിൽ നിന്നടക്കം ഭീഷണിയുടെ സ്വരമാണുള്ളതെന്ന് സ്വപ്ന ആരോപിച്ചു. തനിക്ക് നിയമ സഹായം ലഭിക്കാനുള്ള എല്ലാ വഴികളും അടയ്ക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും സ്വപ്ന ആരോപിച്ചു. മുഖ്യമന്ത്രിയും കുടുംബവും സാമൂഹിക ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നും സ്വപ്ന ആരോപിച്ചു.
തനിക്കെതിരെയുള്ള ഗൂഢാലോചന കേസ് കെടി ജലീലും പോലീസും തമ്മിലുള്ള ഒത്തുകളിയാണെന്നും കേസ് നിയമപരമായി നിലനിൽക്കില്ലെന്നും സ്വപ്ന കൂട്ടിച്ചേർത്തു.
മുൻ വിജിലൻസ് മേധാവി എംആർ അജിത് കുമാർ ഇടനിലക്കാരനെ പോലെ പ്രവർത്തിച്ചെന്ന് സ്വപ്ന വെളിപ്പെടുത്തി. ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നും സ്വപ്ന കുറ്റപ്പെടുത്തി. സുരക്ഷ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ തനിക്കെതിരെ ചുമത്തിയ ഗൂഢാലോചന കേസ് ഒഴിവാക്കണമെന്നും എഫ്ഐആർ റദ്ദാക്കണമെന്നും സ്വപ്ന ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ നടത്തിയ ആരോപണങ്ങൾ വിവാദമായിരിക്കെയാണ് വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്ന എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്നും കേസുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും പുറത്തുകൊണ്ടുവരാനാണ് തന്റെ ശ്രമമെന്നും സ്വപ്ന പറഞ്ഞിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും തന്റെ കൂടെ ഉള്ളവരെ ഉപദ്രവിക്കുകയാണെന്നും അവർ ആരോപിച്ചിരുന്നു. സ്വയരക്ഷയെ കരുതി രണ്ട് ബോഡിഗാർഡുകളെയും കഴിഞ്ഞ ദിവസം അവർ നിയമിച്ചിരുന്നു.
Comments