തിരുവനന്തപുരം: പ്രതിഷേധക്കാർക്ക് നേരെ പോലീസ് പ്രയോഗിച്ച കണ്ണീർ വാതകം ചെന്ന് പതിച്ചത് വീട്ടിലെന്ന് പരാതി. ഇതുമൂലം ദേഹാസ്വാസ്ഥ്യമുണ്ടായ വീട്ടമ്മ വനിതാപോലീസിൽ പരാതി നൽകി. തലസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരായി നടക്കുന്ന പ്രതിഷേധത്തിനിടെ പോലീസ് പ്രയോഗിച്ച കണ്ണീർ വാതകമാണ് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കിയത്.
താനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തങ്ങൾ ഇരുവരും അസുഖബാധിതാണ്. അമ്മ പ്രമേഹരോഗിയും കിഡ്‌നി സംബന്ധമായ അസുഖമുള്ളതുമായ വ്യക്തിയാണ്. തനിക്ക് സ്‌ട്രോക്കിന്റെ ഭീഷണിയുമുണ്ട്. ഇത്തരത്തിൽ ജീവിക്കുന്ന തങ്ങളുടെ വീട്ടിലേക്കാണ് പോലീസിന്റെ ടിയർ ഗ്യാസ് പ്രയോഗമുണ്ടായത്. സംഭവസമയത്ത് ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരം പറയുമെന്നും വീട്ടമ്മയായ സരയു ചോദിച്ചു.
ശ്വാസം മുട്ടി പ്രതിസന്ധി നേരിട്ടപ്പോൾ വാവിട്ട് വിളിക്കാൻ പോലും കഴിഞ്ഞില്ല. സഹായത്തിനെത്താൻ ഒരു പോലീസുമുണ്ടായില്ല. എന്തുചെയ്യണമെന്ന് തങ്ങൾക്കറിയില്ലായിരുന്നുവെന്നും ഇതിനെല്ലാം മുഖ്യമന്ത്രി തന്നെ ഉത്തരം പറയണമെന്നും സരയു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വനിതാ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും സരയു പ്രതികരിച്ചു.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ അഞ്ച് തവണയാണ് പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചത്. ഇതിനിടെയാണ് സമീപത്തെ വീട്ടിലേക്കും ടിയർ ഗ്യാസ് വന്നുവീണത്. സംഭവത്തിൽ നിയമനടപടിയാണ് വീട്ടമ്മയും കുടുംബവും ആവശ്യപ്പെടുന്നത്.
















Comments