ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത വയനാട് എം പി രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിൽ പ്രകടനം നടത്തിയ മുതിർന്ന നേതാവ് പി ചിദംബരത്തിന് പരിക്കേറ്റെന്ന് കോൺഗ്രസ്. പ്രതിഷേധത്തിനിടെ പോലീസ് പിടിച്ചു തള്ളിയതിനെ തുടർന്ന് ചിദംബരത്തിന്റെ വാരിയെല്ലിന് പരിക്കേറ്റെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ചിദംബരം ഡോക്ടറെ കണ്ട് ചികിത്സ തേടിയെന്നും അദ്ദേഹത്തോട് വിശ്രമിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടെന്നും കോൺഗ്രസ് പറയുന്നു.
രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ തുടർന്ന് നിരവധി നേതാക്കൾ അറസ്റ്റിലായി. പ്രതിഷേധ പ്രകടനത്തിനിടെ പോലീസ് തന്നെ തല്ലിയെന്ന് കോൺഗ്രസ് എം പി അധീർ രഞ്ജൻ ചൗധരി പറഞ്ഞു. പോലീസ് മർദ്ദനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചൗധരി തുഗ്ലക്ക് റോഡ് എസ് എച്ച് ഓക്ക് പരാതി നൽകി. പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ തളർന്ന് വീണു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ ഇഡി നേരത്തേ വിളിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം വിദേശത്തായിരുന്നതിനാൽ എത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ഇന്ന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടത്. യംഗ് ഇന്ത്യ ലിമിറ്റഡുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഫണ്ടുകളിൽ തിരിമറി നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതി പ്രകാരമാണ് നടപടികൾ പുരോഗമിക്കുന്നത്.
















Comments