കൊച്ചി; സ്വർണ്ണക്കടത്ത് വിവാദങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ബംഗളൂർ ആസ്ഥാനമായുള്ള ഐടി സ്ഥാപനം അടച്ചുപൂട്ടിയതായി അഭ്യൂഹങ്ങൾ. ബംഗളുരുവിലെ ഗംഗാ നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനമാണ് അടച്ചുപൂട്ടിയതായി സമൂഹമാദ്ധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്നത്. സ്ഥാപനത്തെ സംബന്ധിച്ച് ഗൂഗിളിൽ പരതിയിട്ടും വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. വെബ്സൈറ്റിലും എക്സലോജിക് സ്ഥാപനത്തെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിക്കുന്നില്ല. http://exalogic.in/ എന്ന് സെർച്ച് ചെയ്തിട്ടും സ്ഥാപനത്തെ സംബന്ധിച്ച് വിവരം ലഭിക്കാതായതോടെയാണ് വിഷയം ചർച്ചയായത്.
സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ 164 മൊഴിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ പേരും പരാമർശിച്ചതായാണ് സൂചന . മുഖ്യമന്ത്രിയുടെ കുടുംബത്തിനും കേസിൽ പങ്കുള്ളതായി സ്വപ്ന സുരേഷ് മാദ്ധ്യമങ്ങൾക്ക് മുൻപിലും വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും കോലാഹലങ്ങളും കേരളത്തിൽ കത്തിപടരുകയാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും പ്രതിഷേധവുമായി തെരുവുകളിലാണ്. ഇന്നേവരെ കാണാത്ത പ്രതിഷേധ സമരങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം കടന്നുപോകുന്നത്.
സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുമെന്നാണ് സൂചന. മുഖ്യമന്ത്രി വിദേശത്തേക്ക് കറൻസി കടത്തി എന്നാണ് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചത്. ക്ലിഫ് ഹൗസിലേക്ക് എത്തിച്ച സ്വർണ്ണ ചെമ്പിൽ ഭാരിച്ച ലോഹംപോലെയുള്ള വസ്തുക്കൾ ഉണ്ടായിരുന്നതായും സ്വപ്ന മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കും, മകൾ വീണയ്‌ക്കും അറിവുള്ളതാണെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.
ഈ വിവാദങ്ങൾ കത്തിപടരുന്നതിനിടെയാണ് വീണയുടെ ഐടി സ്ഥാപനം സംബന്ധിച്ചും സമൂഹമാദ്ധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരക്കുന്നത്. സ്വർണ്ണക്കടത്ത് കേസിന്റെ തുടക്കത്തിലും വീണയുടെ സ്ഥാപനം വിവാദത്തിന്റെ നിഴലിലായിരുന്നു. ബാംഗ്ലൂരിലേക്ക് കടന്ന സ്വപ്നയ്‌ക്കും സ്വർണ്ണക്കടത്ത് കേസിലെ മറ്റു പ്രതികൾക്കും ഒളിവിൽ താമസിക്കാൻ വീണയുടെ സ്ഥാപനം സഹായം നൽകി എന്നായിരുന്നു ആദ്യ ആരോപണം. എന്നാൽ ഇത് സംബന്ധിച്ച് ഒരു തെളിവും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നില്ല.
Comments