ജയ്പൂർ: മൃഗജന്യ ഉത്പന്നങ്ങളുടെ കയറ്റുമതിയുടെ ഭാഗമായി ഇന്ത്യ 192 ടൺ പശുവിൻ ചാണകം കയറ്റി അയയ്‌ക്കുന്നു. ജൈവകൃഷിയിൽ വർദ്ധിച്ചു വരുന്ന ആവശ്യത്തെ നേരിടാൻ ഗൾഫ് രാജ്യമായ കുവൈത്ത് ആണ് ഇന്ത്യയിൽ നിന്ന് ചാണകം ഇറക്കുമതി ചെയ്യുന്നത്. ഓർഗാനിക് ഫാർമർ പ്രൊഡ്യൂസർ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡണ്ട് ഡോ അതുൽ ഗുപ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരുപക്ഷേ ഇത് ആദ്യമായിട്ടായിരിക്കാം നാടൻ പശുക്കളുടെ ചാണകം മാത്രമായി ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് കയറ്റി അയയ്‌ക്കപ്പെടുന്നതെന്ന് ഓർഗാനിക് ഫാർമർ പ്രൊഡ്യൂസർ അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ പ്രശാന്ത് ചതുർവേദി അഭിപ്രായപ്പെട്ടു. സൺറൈസ് ഓർഗാനിക് പാർക്കിലെ ഗോശാലയിൽ കസ്റ്റംസ് ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിൽ പാക്കേജിംഗ് പൂർത്തിയായിക്കഴിഞ്ഞതായാണ് വിവരം. ആദ്യ ലോഡ് ജൂണ്‍ 15 ന് കനക്പുര റയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിച്ച് അവിടെ നിന്നും കപ്പൽ മാർഗ്ഗം കുവൈത്തിൽ എത്തിക്കാനാണ് പദ്ധതി. നിലവിൽ മൃഗജന്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഇന്ത്യൻ കാർഷിക മേഖലയ്‌ക്ക് വലിയ കരുത്തു പകരുന്ന വിഭാഗമാണ്. മാംസം, തുകൽ, പാൽ, തേൻ, പൗൾട്രി ഉൽപ്പന്നങ്ങൾ എന്നിവയാണ് നിലവിൽ പ്രധാനമായും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു കൊണ്ടിരിയ്‌ക്കുന്നത്.
മൃഗജന്യ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിൽ നിന്നും 2020-21ൽ 27,155.56 കോടി രൂപയുടെ വിദേശനാണ്യമാണ് രാജ്യം നേടിയത്. ജൈവവളത്തിന്റെ വർദ്ധിച്ചു വരുന്ന ആവശ്യത്തെ തുടർന്ന് ഇപ്പോൾ പശുവിൻ ചാണകവും ഈ പട്ടികയിൽ കയറിക്കൂടിയിരിക്കുകയാണ്. കുവൈത്തിലെ കാർഷിക ശാസ്ത്രജ്ഞർ ചാണകപ്പൊടി വളമായി ഉപയോഗിച്ചു കൊണ്ട് ഈന്തപ്പനകളിൽ നടത്തിയ ഗവേഷണം ആശാവഹമായ ഫലമാണ് നൽകിയത്. പഴങ്ങളുടെ വലിപ്പത്തിലും ഉത്പാദനത്തിലും വർദ്ധനവ് കണ്ടെത്തിയതിനെ തുടർന്ന് കുവൈത്ത് കമ്പനിയായ ലാമോർ ഇന്ത്യയിൽ നിന്ന് നാടൻ പശുക്കളുടെ ചാണകം ഇറക്കുമതി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
“ഇന്ത്യയിലെ കന്നുകാലികളുടെ എണ്ണം ഏകദേശം 300 ദശലക്ഷം ആണെന്ന് കണക്കാക്കപ്പെടുന്നു. അവയിൽ നിന്ന് ദിവസേന 30 ലക്ഷം ടൺ ചാണകം ഉത്പ്പാദിപ്പിയ്‌ക്കപ്പെടുന്നു. ഇതിന്‍റെ മുപ്പത് ശതമാനത്തോളം ഇന്ധനാവശ്യത്തിനുള്ള ചാണക വറളികളാക്കി മാറ്റപ്പെടുകയാണ് ചെയ്യുന്നത് . ബ്രിട്ടണിൽ ചാണകത്തിൽ നിന്ന് പ്രതിവർഷം 1.6 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുമ്പോൾ ചൈന 15 ദശലക്ഷം വീടുകളിൽ ഗാർഹികാവശ്യങ്ങൾക്ക് ഗോബർ ഗ്യാസ് ഉപയോഗപ്പെടുത്തുന്നു”. ഡോ ഗുപ്ത പറഞ്ഞു.
പശുവിൻ ചാണകം ഒരു ജൈവ വളമെന്ന നിലയ്‌ക്ക് വളരെ മൂല്യമുള്ളതാണ്. അത് സസ്യങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. വിദേശികൾ അതിന്‍റെ മൂല്യം മനസ്സിലാക്കിക്കഴിഞ്ഞു. അതിന്‍റെ ഫലമായി പല രാജ്യങ്ങളും ചാണകത്തിൽ നിന്നും ഉണ്ടാക്കുന്ന ജൈവവളങ്ങൾ വലിയ തോതിൽ ഉപയോഗിക്കാൻ തുടങ്ങിക്കഴിഞ്ഞു. ആവശ്യത്തിനനുസരിച്ച് പ്രാദേശികമായി ലഭ്യമല്ലാത്തതിനാൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നും ഉണ്ടാക്കുന്ന ജൈവവളങ്ങൾ വലിയ തോതിൽ വിദേശ രാജ്യങ്ങൾ ഉപയോഗിക്കാൻ തുടങ്ങിക്കഴിഞ്ഞു. ആവശ്യത്തിനനുസരിച്ച് പ്രാദേശികമായി ലഭ്യമല്ലാത്തതിനാൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നും ഈ രാജ്യങ്ങൾ ജൈവവളങ്ങൾ ഇറക്കുമതി ചെയ്യാൻ തുടങ്ങിയിരിയ്‌ക്കുന്നു.
നിലവിൽ അമേരിക്ക, നേപ്പാൾ, ഫിലിപ്പൈൻസ്, കെനിയ എന്നീ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള ജൈവവളങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
















Comments