തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം പോലീസ് നരനായാട്ടിലൂടെ അടിച്ചൊതുക്കാൻ ശ്രമിക്കുന്നതിനെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയർന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സംസ്ഥാനത്തെ അക്രമം പ്രോത്സാഹിപ്പിക്കുന്നതെന്ന് കുമ്മനം ആരോപിച്ചു. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പം അക്രമികളെ ന്യായീകരിക്കുന്നു. സംസ്ഥാനത്ത് സ്ഥിതിഗതികൾ വഷളായതിന്റെ പൂർണ്ണ ഉത്തരവാധിത്വം പിണറായി വിജയനാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
സമരങ്ങളെ ഏകാധിപത്യ രീതിയിൽ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് ശ്രമം. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയർന്ന ആരോപണം അന്വേഷിക്കാനുള്ള ആർജ്ജവത്തിന് പകരം ആരോപണം ഉന്നയിച്ചവരെ കുടുക്കാനുള്ള ശ്രമമാണ് പിണറായി വിജയനിൽ നിന്ന് ഉണ്ടായതെന്നും കുമ്മനം രാജശേഖരൻ വിമർശിച്ചു. പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നതിന് പകരം മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
കുമ്മനം രാജശേഖരന്റെ ഫെയ്സ്ബുക്ക് കുറിപ്പ്,
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വളരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് അതിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ സംസ്ഥാനത്ത് അക്രമം പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ. ക്രമസമാധാനവും നിയമവാഴ്ചയും ഉറപ്പു വരുത്താൻ ബാധ്യതപ്പെട്ട ഭരണപക്ഷം തെരുവിൽ തേർവാഴ്ച നടത്തുകയാണ്. നാടാകെ അരാജകത്വത്തിലേക്ക് പോകുമ്പോൾ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും ഉത്തരവാദപ്പെട്ടവരും അക്രമികളെ ന്യായീകരിക്കുകയാണ്. ക്രമസമാധാനം ആകെ തകർന്ന അവസ്ഥയാണ് കേരളത്തിൽ. സ്ഥിതിഗതികൾ വഷളാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. അദ്ദേഹത്തിനെതിരെയുണ്ടായ ആരോപണങ്ങളെ നിയമത്തിന്റെ വഴിയിലൂടെ നേരിടേണ്ടതിനു പകരം ഏകാധിപത്യ രീതിയിൽ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് ശ്രമിച്ചത്.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയർന്ന ആരോപണം അന്വേഷിക്കാനുള്ള ആർജ്ജവമല്ല അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. പകരം ആരോപണം ഉന്നയിച്ച ആളെയും അവരുടെ അഭിഭാഷകനെയുമെല്ലാം പോലീസിനെ ഉപയോഗിച്ച് കേസിൽ കുടുക്കാനുള്ള കുത്സിത നീക്കമാണ് ഉണ്ടായത്. ഇതിനെതിരെ ഉണ്ടായ സ്വാഭാവിക പ്രതിഷേധങ്ങളെ അധികാരത്തിന്റെ ഉരുക്കുമുഷ്ടികൊണ്ടു നേരിടുന്നതും കേരളം കണ്ടു. കറുത്ത വസ്ത്രമണിയുന്നതിനും കറുത്ത മാസ്ക് ധരിക്കുന്നതിനുംവരെ പിണറായിയുടെ പോലീസ് വിലക്ക് ഏർപ്പെടുത്തി. ഗതാഗതം തടഞ്ഞും ജനങ്ങളെ ബുദ്ധിമുട്ടിച്ചും കേരളത്തിലങ്ങോളമിങ്ങോളം പോലീസ് പ്രകോപനമുണ്ടാക്കി.
പ്രതിപക്ഷത്തായിരിക്കെ പിണറായിയും അദ്ദേഹത്തിന്റെ പാർട്ടിയും നടത്തിയ സമരമുറകളെ ഭരണത്തിലെത്തിയപ്പോൾ തള്ളിപ്പറയുന്ന വൈരുധ്യത്തിനും ജനത സാക്ഷികളായി. നാട് കലാപ കലുഷിതമാക്കാൻ ഭരണകർത്താക്കൾക്കുള്ള നിഗൂഢ താല്പര്യമാണ് ഈ പ്രകോപനങ്ങൾക്കു പിന്നിൽ എന്നാണ് സംശയം. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാൻ മനപ്പൂർവ്വം സൃഷ്ടിക്കുന്നതായിരിക്കണം ഇത്. ആരോപണങ്ങളുടെ നിജസ്ഥിതി എന്തായാലും പുറത്തു വരേണ്ടതുണ്ട്. മുഖ്യമന്ത്രി രാജി വച്ച് അന്വേഷണത്തെ നേരിടുന്നതാണ് രാഷ്‌ട്രീയ സത്യസന്ധത. ഇനിയെങ്കിലും അതിന് തയ്യാറാകണം. നാടിനെ അരാജകത്വത്തിൽ നിന്ന് രക്ഷിക്കണം.
















Comments