തൃശൂർ : ഉല്ലാസയാത്രകൾക്ക് പോകുമ്പോൾ കാമുകിമാരെ ഒപ്പം കൊണ്ടുപോകാറുണ്ടെങ്കിലും മോഷണത്തിന് അവരെ കൂടെക്കൂട്ടുക അത്ര സാധാരണയല്ല. എന്നാൽ ഇത്തരത്തിൽ കാമുകിയെക്കൂട്ടി കവർച്ചയ്‌ക്ക് പോകുന്ന കൊരട്ടി സ്വദേശി റിയാദാണ് പോലീസിന്റെ പിടിയിലായത്. മുനമ്പത്തെ പെട്രോൾ പമ്പിൽ നിന്നു പണം കവർന്ന സംഭവത്തിൽ റിയാദ് ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ പിടികൂടിയപ്പോഴാണ് തന്നോടൊപ്പം കാമുകി കൂടി ഉണ്ടായിരുന്നുവെന്ന് റിയാദ് വെളിപ്പെടുത്തിയത്. സിസിടിവി പരിശോധനയിൽ നിന്ന് ഇത് വ്യക്തമായതോടെ എറണാകുളം സ്വദേശി ജ്യോത്സന മാത്യുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ, എറണാകുളം ജില്ലകളിലായി 12 പെട്രോൾ പമ്പുകളിൽ നിന്നു പണം കവർന്ന കേസിൽ പ്രതികളായ റിയാദ്(20), മലപ്പുറം താനൂർ അട്ടത്തോട് താണിക്കടവൻ റഫീക്ക് (32), അരീക്കോട് തെരാട്ടുമ്മൽ നെല്ലിപ്പാവുങ്കൽ നൗഫാൻ (27) എന്നിവരെയാണ് പോലീസ് പിടികൂടിയത്. തൃശൂർ മുളങ്കുന്നത്തുകാവിലെ ഹോട്ടലിൽ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പ്രതികളെ കൈയ്യോടെ പിടികൂടുകയായിരുന്നു. ഇവർക്കൊപ്പം റിയാദിന്റെ കാമുകിയും ഉണ്ടായിരുന്നു. ഫേസ്ബുക്കിൽ പരിചയപ്പെട്ട നാലാമത്തെ യുവതിയാണ് തനിക്കൊപ്പം ഉള്ളത് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. കാമുകിയെ മോഷണത്തിന് കൂടെക്കൂട്ടിയത് എന്തിന് എന്ന ചോദ്യത്തിനും റിയാദ് ആദ്യം ഉത്തരം നൽകിയിരുന്നില്ല.
വീടുകളിൽ കയറി ബൈക്കുകളും കാറുകളും പണവും മോഷ്ടിക്കുകയാണ് റിയാദിന്റെ പതിവ്. കാര്യമായി പണം കിട്ടുന്ന ഓരോ മോഷണത്തിന് ശേഷവും റിസോർട്ടുകളിൽ മുറിയെടുത്തു പണം തീരുംവരെ താമസിക്കും. അതിനു ശേഷം അടുത്ത മോഷണത്തിന് പദ്ധതിയിടുമെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി.
Comments