ആധുനിക വൈദ്യശാസ്ത്ര രംഗത്തിന്റെ ചരിത്രം മാറ്റിയെഴുതുന്ന സുപ്രധാന കണ്ടെത്തലുമായി ഇസ്രയേലി ഗവേഷകർ. ജീൻ എഡിറ്റിംഗിലൂടെ കണ്ടെത്തിയ വാക്സിൻ, എയ്ഡ്സ് വൈറസിനെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്നാണ് ഇവർ അവകാശപ്പെടുന്നത്.
എച്ച് ഐ വി വൈറസിനെ നിർവീര്യമാക്കാൻ ശേഷിയുള്ള ആന്റിബോഡികളുടെ ഉത്പാദനം ഉദ്ദീപിപ്പിക്കാൻ രോഗ പ്രതിരോധ സംവിധാനത്തെ പ്രാപ്തമാക്കാൻ പുതിയ വാക്സിന് സാധിക്കും എന്നാണ് ഗവേഷകരുടെ അവകാശ വാദം. ടെൽ അവീവ് സർവ്വകലാശാലയിലെ ന്യൂറോ ബയോളജി, ബയോ കെമിസ്ട്രി, ബയോ ഫിസിക്സ് വിഭാഗങ്ങളിലെ ശാസ്ത്രജ്ഞന്മാരാണ് ഗവേഷക സംഘത്തിൽ ഉണ്ടായിരുന്നത്.
ഗവേഷകരുടെ കണ്ടെത്തൽ ‘നേച്ചർ‘ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികൾ സുരക്ഷിതവും വീര്യമുള്ളതും അളവും വലുപ്പവും സ്വയം ക്രമീകരിക്കാൻ സാധിക്കുന്നവയുമാണ്. പകർച്ചവ്യാധികളെ കൂടാതെ, കാൻസർ, പ്രതിരോധ വ്യവസ്ഥയ്‌ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാനും ഇവയ്‌ക്ക് ശേഷിയുണ്ട്.
ഒറ്റ കുത്തിവെപ്പിലൂടെ സ്വീകരിക്കാൻ കഴിയുന്ന വാക്സിനാണ് ഇത്. രോഗം ബാധിച്ചവരിലും വലിയ തോതിലുള്ള പുരോഗതി കൊണ്ടു വരാൻ വാക്സിന് സാധിക്കുമെന്നും ഗവേഷകർ അവകാശപ്പെടുന്നു.
അസ്ഥി മജ്ജയിൽ രൂപപ്പെടുന്ന ശ്വേതരക്താണുക്കളായ ബി കോശങ്ങളെയാണ് ഈ വാക്സിൻ ഉദ്ദീപിപ്പിക്കുന്നത്. ബാക്ടീരിയ, വൈറസ് രോഗങ്ങൾക്കെതിരായ ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്ന കോശങ്ങളാണ് ഇവ. ഈ കോശങ്ങൾ വൈറസുകളെ നേരിടുമ്പോൾ അവ വിഘടിക്കപ്പെടുകയും എണ്ണത്തിൽ വർദ്ധിക്കുകയും ചെയ്യും. എന്നാൽ വാക്സിൻ സ്വീകരിച്ചവരിലെ ബി കോശങ്ങൾ വൈറസിന്റെ രൂപമാറ്റങ്ങൾക്ക് അനുസൃതമായി രൂപം മാറാൻ ശേഷിയുള്ളവയാണ്.
ബി സെൽ ജീനോമുകളിലെ യുക്തമായ ഇടങ്ങളിലേക്ക് ആന്റിബോഡികളെ സന്നിവേശിപ്പിക്കാനും വാക്സിന് സാധിക്കുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ചികിത്സാ പരീക്ഷണത്തിന് വിധേയരായ എല്ലാവരിലും ഗുണകരമായ മാറ്റം പ്രകടമായെന്നും, ആവശ്യമായ ആന്റിബോഡികൾ ഇവരുടെ രക്തത്തിൽ പ്രകടമായി എന്നുമാണ് വിവരം.
ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുന്ന മാരക വൈറസ് ആണ് എച്ച് ഐ വി. മദ്ധ്യ ആഫ്രിക്കയിലെ ചിമ്പാൻസികളിൽ കണ്ടെത്തിയ എച്ച് ഐ വി, 1800കളുടെ അന്ത്യകാലഘട്ടത്തിൽ തന്നെ മനുഷ്യരിലേക്ക് വ്യാപിച്ചിരിക്കാമെന്നാണ് കരുതപ്പെടുന്നത്.
നിലവിൽ എച്ച് ഐ വി- എയ്ഡ്സിന് നൂറ് ശതമാനം ഫലപ്രദമായ ആധുനിക ചികിത്സ ലഭ്യമല്ല. പുതിയ കണ്ടെത്തൽ വരും നാളുകളിൽ ഈ രോഗത്തിനെ തുരത്താൻ സാദ്ധ്യമാകുന്ന വലിയ നേട്ടമായി മാറും എന്ന പ്രതീക്ഷയിലാണ് വൈദ്യശാസ്ത്ര ലോകം.
















Comments