ഡൽഹി: കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘അഗ്നിപഥ്‘ പ്രകാരം സൈനിക സേവനം അനുഷ്ഠിക്കുന്നതിനാവശ്യമായ പരിശീലനം നൽകുന്നതിനായി മൂന്നു വർഷത്തെ ബിരുദ പദ്ധതി ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം. യുവാക്കൾക്കു സായുധ സേനയിൽ അവസരമൊരുക്കുന്ന അഗ്നിപഥ് പദ്ധതിയിൽ പങ്കാളികളാകുന്ന കുട്ടികൾക്ക് അവരുടെ തൊഴിൽപരമായ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും സൈനിക മേഖലയിൽ അവരെ പൂർണ്ണ സജ്ജരാക്കുന്നതിനുമായാണ് നൈപുണ്യം അടിസ്ഥാനമാക്കിയുള്ള മൂന്ന് വർഷത്തെ പ്രത്യേക ബിരുദം പദ്ധതി വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്നത്. സൈനിക സേവനമനുഷ്ഠിക്കുന്ന കാലത്ത് പദ്ധതിയുടെ ഭാഗമായവർ നൈപുണ്യ പരിശീലന പദ്ധതിയുടെ ഗുണം തിരിച്ചറിയുമെന്നും വിദ്യാഭ്യാസ മന്ത്രാലയം പ്രസ്ത്ഥാവനയിൽ പറയുന്നു.
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ സർവ്വകലാശാല ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം, ബിരുദതല പരീക്ഷയിലെ അൻപത് ശതമാനം മാർക്ക് നൈപുണ്യ പരിശീലന വിഭാഗത്തിൽ നിന്നും അവശേഷിക്കുന്ന അൻപത് ശതമാനം മാർക്ക് ഭാഷകൾ, ധനതത്വശാസ്ത്രം, ചരിത്രം, രാഷ്ട്ര മീമാംസ, പബ്ലിക് അഡ്മിൻസിട്രേഷൻ, സോഷ്യോളജി, ഗണിതശാസ്ത്രം, വിദ്യാഭ്യാസം, വാണിജ്യം, വിനോദ സഞ്ചാരം, തൊഴിൽ പഠനം, കൃഷി, ജ്യോതിഷ് എന്നിവയിൽ നിന്നുമായിരിക്കും. രണ്ടാമത്തെ വിഭാഗത്തിൽ പരിസ്ഥിതി പഠനത്തിലെ നൈപുണ്യ വികസന കോഴ്സുകളും ഇംഗ്ലീഷ് അശയവിനിമയ പാടവവും ഉൾപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ പാഠ്യപദ്ധതി യുജിസിയുടെ മാനദണ്ഡങ്ങളോടും 2020 ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള നിയമങ്ങളോടും നീതിപുലർത്തുന്നതാണ്. ദേശീയ വിദ്യാഭ്യാസ നയം നിർബന്ധമാക്കിയ നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക്/നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് എന്നിവയുടെ കീഴിൽ വരുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു. ഒന്നാം വർഷ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അണ്ടർഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ്, ഒന്നും രണ്ടും വർഷ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ബിരുദ ഡിപ്ലോമ സർട്ടിഫിക്കറ്റും, സമയപരിധിക്കുള്ളിൽ മൂന്നുവർഷത്തെ കോഴ്സ് പൂർത്തികരിക്കുന്ന വിദ്യാർത്ഥികൾക്ക് ബാച്ചിലേഴ്സ് ഡിഗ്രി സർട്ടിഫിക്കറ്റും നൽകും.
ഇഗ്നോയുടെ പാഠ്യപദ്ധതി ഉന്നതവിദ്യഭ്യാസ മേഖലയിലെ റെഗുലേറ്ററി ബോഡികൾ, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (AICTE), നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് (NCVET), യുജിസി എന്നിവ അംഗീകരിച്ചു. ഇന്ത്യയിലും വിദേശത്തും IGNOU നൽകുന്ന ബിരുദം ഉന്നത പഠനത്തിനും തൊഴിലിനും അംഗികരിക്കപ്പെട്ടിട്ടുള്ളതാണ്. കരസേന, നാവികസേന, വ്യോമസേന എന്നീ വകുപ്പുകളും പുതിയ പാഠ്യപദ്ധതിയുടെ നടത്തിപ്പിനായി ഇഗ്നോയുമായി ധാരണാപത്രം ഒപ്പിട്ടു.
Comments