തൊടുപുഴ: ബഫർസോൺ വിഷയത്തിലെ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. വിധി അസ്ഥിരപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും, ജനവാസ മേഖലകളെ ബഫർസോൺ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്നുമാണ് ആവശ്യം. മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും ഇന്ന് യുഡിഎഫ് ഹർത്താൽ ആചരിക്കുന്നുണ്ട്.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി, അവശ്യ സർവ്വീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലമ്പൂരിൽ പതിനൊന്ന് പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് ഹർത്താൽ.
വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടേയും ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോലമേഖലയാക്കണമെന്നും, ഇവിടങ്ങളിലെ ഖനന-നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നുമാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഈ മേഖലകളിലെ കെട്ടിടങ്ങളുടേയും നിർമാണ പ്രവർത്തനങ്ങളുടേയും റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Comments