തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുടെയും ഡിവൈഎഫ്‌ഐയുടെയും ആരോപണങ്ങളുടെ മുനയൊടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം. സംഭവത്തിന് പിന്നാലെ കോഴിക്കോട് പുറമേനിയിൽ നടന്ന പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയെ വിമാനത്തിൽ കൊല്ലാൻ ശ്രമിച്ചുവെന്ന സിപിഎം നേതാക്കളുടെ വാദങ്ങൾ കളവാണെന്ന് വിളിച്ചുപറയുന്ന കോടിയേരിയുടെ പ്രസംഗം.
ഇന്നലെയാണ് പ്രസംഗത്തിന്റെ ഭാഗങ്ങൾ പുറത്തുവന്നത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. സംഭവം വിശദീകരിക്കുന്ന കോടിയേരി, പ്രതിഷേധക്കാർ വിമാനത്തിൽ കയറുമെന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ മുൻകൂട്ടി അറിയിച്ചിരുന്നതായും വ്യക്തമാക്കുന്നു.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വിമാനത്തിൽ മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് കയറി. കൂടെ സുരക്ഷാ ഉദ്യോഗസ്ഥനുണ്ട്. വിമാനത്തിൽ കയറുന്നതിന് മുൻപു തന്നെ അവിടെയുളള സെക്യൂരിറ്റി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് ഒരു സന്ദേശം കൊടുത്തു. യാത്രക്കാരുടെ കൂട്ടത്തിൽ കയറാൻ പോകുന്നവരിൽ മൂന്ന് പേർ സംശയിക്കപ്പെടേണ്ടവരാണെന്ന് ആയിരുന്നു അത്.
അവർ ഈ വിമാനത്തിൽ തന്നെ കയറിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് അവർ മുഖ്യമന്ത്രിയെ അറിയിച്ചു. അവരെ വേണമെങ്കിൽ തടഞ്ഞുനിർത്താമെന്ന് അവർ മുഖ്യമന്ത്രിയോട് പറഞ്ഞതായി കോടിയേരി പറയുന്നു. എന്നാൽ അവരാരെങ്കിലും ആയിക്കൊളളട്ടെ അവർ യാത്രക്കാരല്ലേ അവരെ തടഞ്ഞുവെയ്‌ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞുവെന്നും കോടിയേരി പ്രസംഗത്തിൽ പറയുന്നു. യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിയെ കരുതിക്കൂട്ടി ആക്രമിക്കാനാണ് വിമാനത്തിൽ കയറിയതെന്ന സിപിഎം വാദം ആവിയാക്കുന്നതാണ് കോടിയേരിയുടെ വാക്കുകൾ.
മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധക്കാർ പാഞ്ഞടുത്തുവെന്ന ഇ.പി ജയരാജന്റെ വാദവും തെറ്റായിരുന്നുവെന്ന് കോടിയേരിയുടെ വാക്കുകളിൽ വ്യക്തമാകും. വിമാനത്തിൽ മുൻഭാഗത്താണ് യൂത്ത് കോൺഗ്രസുകാർക്ക് സീറ്റ് കിട്ടിയത്. മുഖ്യമന്ത്രിയുടെ സീറ്റ് പിന്നിലായിരുന്നു. വിമാനം പുറപ്പെട്ടതിന് പിന്നാലെ ഇതിൽ ഒന്ന് രണ്ട് പേർ ടോയ്‌ലെറ്റിൽ പോകാനെന്ന വ്യാജേന പിൻഭാഗത്തേക്ക് വന്ന് മുഖ്യമന്ത്രിയുടെ ഇരിപ്പിടമൊക്കെ ശ്രദ്ധിച്ച് നോക്കി വെച്ചു.
വിമാനം ഇറങ്ങിയ ശേഷം മുഖ്യമന്ത്രി ആദ്യം പുറത്തേക്ക് ഇറങ്ങി. ഇതോടെ ധൃതി കൂട്ടി പിന്നിലേക്ക് വരാൻ ശ്രമിച്ചപ്പോൾ അവർക്ക് മനസിലായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്താൻ പ്രയാസമാണെന്ന്. അപ്പോൾ വിമാനത്തിൽ വെച്ച് മുദ്രാവാക്യം വിളിക്കുകയാണ് ഉണ്ടായതെന്നും കോടിയേരി വിശദീകരിക്കുന്നു. എന്നാൽ യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തുവെന്നും അതാണ് താൻ അവരെ തള്ളിമാറ്റിയതെന്നുമായിരുന്നു ഒപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ വാദം.
പ്രതിഷേധം പ്രകടിപ്പിച്ചവരെ വിമാനത്തിൽ വെച്ച് തളളിയിടുകയും തല്ലാൻ ശ്രമിക്കുകയും ചെയ്ത ജയരാജനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയെ കൊല്ലാനാണ് യൂത്ത് കോൺഗ്രസുകാർ ശ്രമിച്ചതെന്നും പ്രതിഷേധക്കാർ ആരുമറിയാതെ വിമാനത്തിൽ കടക്കുകയായിരുന്നുവെന്നുമുളള പ്രചാരണം സിപിഎം വ്യാപകമായി അഴിച്ചുവിട്ടത്. ഇതിന്റെ മറവിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക അക്രമവും സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയിരുന്നു. എന്നാൽ കോടിയേരിയുടെ പ്രസംഗം പുറത്തുവന്നതോടെ സിപിഎം ഇക്കാര്യത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ്.
Comments