ലക്‌നൗ: മസ്ജിദുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി ഉത്തർപ്രദേശ് പോലീസ്. വെള്ളിയാഴ്ച (നാളെ) നിസ്‌ക്കാരത്തിന് ശേഷം അക്രമ സംഭവങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് യുപി പോലീസ് മതനേതാക്കളുമായി കൂടിക്കാഴ്ചയും നടത്തി.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച പ്രാർത്ഥനയ്‌ക്ക് ശേഷം പ്രയാഗ്‌രാജ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ മതമൗലികവാദികൾ സംഘടിക്കുകയും കലാപത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. സമാന സാഹചര്യം ഈ വെള്ളിയാഴ്ചയും ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലായാണ് നടപടി. സംസ്ഥാനത്തെ 24 ജില്ലകളാണ് കലാപത്തിന് സാദ്ധ്യതയുള്ളവയായി പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളിലെ മസ്ജിദുകളിലും പരിസരങ്ങളിലുമാണ് ശക്തമായ സുരക്ഷ. ഈ ജില്ലകളിലെ മസ്ജിദുകൾ എല്ലാം പോലീസ് നിരീക്ഷണത്തിലാണ്. ഡ്രോണുകൾ ഉപയോഗിച്ചാണ് സംഘർഷ സാദ്ധ്യതാ മേഖലകളിൽ പോലീസ് നിരീക്ഷണം നടത്തുന്നത്.
സംസ്ഥാനത്തെ സംഘർഷ സാദ്ധ്യതാ മേഖലകളിൽ വ്യാഴാഴ്ച യുപി പോലീസ് ഫ്‌ളാഗ് മാർച്ച് നടത്തി. മോക് ഡ്രില്ലും സംഘടിപ്പിച്ചു. രാത്രികാല പട്രോളിംഗ് പോലീസ് ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില തകരാൻ അനുവദിക്കില്ലെന്ന് യുപി പോലീസ് അറിയിച്ചു.
















Comments