പറ്റ്‌ന: ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച കേസിലെ പ്രതി മല്ലിക്ക് വാസിഫ് മദ് ഹസന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. പാറ്റ്‌ന ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്. ദുർഗ്ഗാ ദേവിയെയാണ് ഇയാൾ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ചത്.
ജസ്റ്റിസ് സുധീർ സിംഗിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട വസ്തുതകൾ വിശദമായി പരിശോധിച്ചതിന് പിന്നാലെ മുൻകൂർ ജാമ്യം തള്ളിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹിന്ദു ദൈവത്തെ അപമാനിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ഹസന്റെ അഭിഭാഷകന്റെ വാദം. ഹസന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞിരുന്നു. എന്നാൽ ഇത് കോടതി ചെവിക്കൊണ്ടില്ല.
ദുർഗാ ദേവിയെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശങ്ങൾ അടങ്ങിയ വീഡിയോ ഹസൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെ ഹിന്ദുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ പോലീസ് കേസ് എടുത്തു. ഇതോടെ അറസ്റ്റ് ഭയന്ന ഹസൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 (എ), 295 (എ), 505 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
Comments