കൊച്ചി : വിമാനത്തിനുള്ളിലെ പ്രതിഷേധക്കേസിൽ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. ആരോഗ്യപ്രശ്‌നങ്ങളാൽ മുഖ്യമന്ത്രി വിശ്രമത്തിലാണ്. ആരോഗ്യം മെച്ചപ്പെട്ട ശേഷം മൊഴി രേഖപ്പെടുത്താനാണ് തീരുമാനം . കേസിലെ ഇരയായാണ് മുഖ്യമന്ത്രിയെ എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഗൺമാൻ എസ്. അനിൽകുമാറിന്റെ പരാതിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുക്കുന്നത്. വിമാനത്തിലെ യാത്രക്കാരൻ എന്ന നിലയിൽ ഇ.പി.ജയരാജനെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താനും തീരുമാനമായി. യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത് താൻ വിമാനത്തിലിരിക്കുമ്പോഴാണെന്നും വധിക്കാനായിരുന്നു ശ്രമമെന്നും മുഖ്യമന്ത്രി മൊഴി നൽകുമോ എന്നതാണ് നിർണായകം.
കേസിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുഖ്യമന്ത്രിയുടെ മൊഴി. എന്നാൽ രണ്ട് ദിവസമായി മുഖ്യമന്ത്രി വിശ്രമത്തിലാണ്. പൊതുപരിപാടികളിൽ ഒന്നും തന്നെ അദ്ദേഹം പങ്കെടുക്കുന്നില്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് മൊഴി രേഖപ്പെടുത്താനാണ് തീരുമാനം.
മുഖ്യമന്ത്രിയും ഇ.പി ജയരാജനും വധശ്രമമെന്ന് മൊഴി നൽകുന്നതോടെ കേസ് ശക്തിപ്പെടുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇത് കൂടാതെ പത്തിലേറെ സാക്ഷിമൊഴികളും കേസിന് അനുകൂലമായി ലഭിച്ചെന്നും അവകാശപ്പെടുന്നുണ്ട്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും കാണാതെ അനുകൂല മൊഴി ലഭിക്കുന്നവരെ മാത്രം തിരഞ്ഞുപിടിച്ചാണ് സാക്ഷിയാക്കുന്നത് എന്നും ആരോപണമുണ്ട്.
















Comments