തിരുവനന്തപുരം: കടയിൽ നിന്നും വാങ്ങിയ ചോക്ലേറ്റിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. പ്രമുഖ ബ്രാൻഡ് ആയ നെസ്ലേ പുറത്തിറക്കുന്ന മിൽക്കി ബാർ ചോക്ലേറ്റിലാണ് പുഴുവിനെ കണ്ടത്. ആമി ബെല്ല എന്ന യുവതി സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പരാതി ഉന്നയിച്ചത്. മിൽക്കി ബാറിന്റെ ദൃശ്യങ്ങൾ അവർ യൂട്യൂബിലും ഫേസ്ബുക്കിലും ഇവർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പായ്‌ക്കറ്റിലെ ചോക്ലേറ്റിൽ പുഴുവരിച്ച ഭാഗവും ഇവർ വീഡിയോയിൽ കാണിക്കുന്നുണ്ട്.
മിൽക്കി ബാറിന്റെ ഫാമിലി പായ്‌ക്കാണ് ആമി അടുത്തുള്ള കടയിൽ നിന്നും വാങ്ങിയത്. എക്‌സ്പയറി ഡേറ്റ് ഉൾപ്പെടെ കൃത്യമായി പരിശോധിച്ച ശേഷമാണ് ചോക്ലേറ്റ് വാങ്ങിയതെന്ന് അവർ പറയുന്നു. എന്നാൽ വീട്ടിൽ എത്തി തുറന്നു നോക്കിയപ്പോൾ അകത്തെ പാക്കറ്റിലൊന്ന് ഗുണനിലവാരം ഇല്ലാത്തതായിരുന്നു. ചോക്ലേറ്റിൽ പുഴുവിനെ കണ്ടതായും യുവതി വ്യക്തമാക്കി. ഇതേ തുടർന്ന് ബാക്കിയുള്ള പാക്കറ്റുകൾ അവർ പൊട്ടിക്കാതെ മാറ്റിവെച്ചു.
പ്രമുഖ ബ്രാൻഡ് ആയിട്ട് പോലും ഉത്പന്നങ്ങൾ ഗുണനിലവാരമില്ലാതെയാണ് ഉപയോക്താക്കൾക്ക് നൽകുന്നത് എന്ന് യുവതി ആരോപിച്ചു. കുട്ടികൾ ആണ് ഇത് കഴിക്കുന്നത് എങ്കിൽ കേടുവന്ന ഭാഗം മാത്രം മാറ്റി ബാക്കിയുള്ളത് കഴിക്കും. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ആകും ഇതേ തുടർന്ന് കുട്ടികൾക്ക് ഉണ്ടാകുക.
എല്ലാവരും സാധനത്തിന്റെ എക്‌സ്പയറി ഡേറ്റുകൾ നോക്കിയാണ് സാധാരണയായി സാധനങ്ങൾ വാങ്ങാറുള്ളത്. എന്നിട്ടും ഇങ്ങനെ സംഭവിക്കുമ്പോൾ ഇനി എന്താണ് ചെയ്യേണ്ടതെന്ന ചോദ്യവും യുവതി ഉന്നയിക്കുന്നുണ്ട്.
ഉത്പന്നങ്ങൾ വൃത്തിയില്ലാതെയാണ് വിൽക്കുന്നത് എങ്കിൽ എന്ത് വിശ്വസിച്ച് വാങ്ങും. ഗുണനിലവാരം ഇല്ലാത്ത ചോക്ലേറ്റ് കഴിച്ച് ആരോഗ്യം നശിച്ച നിരവധി പേരുടെ ഉദാഹരണങ്ങൾ നമുക്ക് മുൻപിൽ ഉണ്ട്. ഗുണനിലവാരമില്ലാത്ത ഭക്ഷണത്തിനെതിരെ നിരവധി പരാതികളാണ് ഉയർന്നുവരുന്നത്. ഇത്തരം ഉത്പന്നങ്ങൾ വിൽക്കുന്നവരെ ശിക്ഷിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
















Comments