കീവ്: റഷ്യയുടെ രണ്ടാമത്തെ യുദ്ധകപ്പൽ മിസൈൽ ആക്രമണത്തിലൂടെ തകർത്തെന്ന അവകാശവാദവുമായി യുക്രെയ്ൻ. അമേരിക്ക നൽകിയ ഹാർപൂൺ മിസൈലുകൾ ഉപയോഗിച്ചാണ് കരിങ്കടലിൽ നങ്കൂരമിട്ടിരുന്ന കപ്പൽ തകർത്തതെന്നാണ് യുക്രെയ്ൻ സൈനിക ഉദ്യോഗസ്ഥർ പറയുന്നത്. റഷ്യൻ നാവികസേനയുടെ വാസിലി ബെയ്ക് എന്ന ചെറു യുദ്ധകപ്പലാണ് തകർത്തത്.
മുൻപ് റഷ്യയുടെ പഴയ കപ്പൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തകർത്തെങ്കിലും ഇത് ആദ്യമായാണ് യുക്രെയ്ൻ ആക്രമണം നടത്തിയെന്ന് നേരിട്ട് പ്രസ്താവന നടത്തിയത്. യുക്രെയ്‌നിലെ ഒഡീസിയ മേഖലയിലെ പ്രവിശ്യ സൈനിക മേധാവി മാക്‌സിം മെർചെങ്കോവാണ് റഷ്യക്ക് നേരെ ആക്രമണം നടന്നതായി സ്ഥിരീകരിച്ചത്.
അമേരിക്കയുടെ ബോയിംഗ് ഡിഫൻസ് ആന്റ് സ്‌പേസ് സെക്യൂരിറ്റി ഗവേഷണ വിഭാഗം നിർമ്മിച്ച ഹാർപൂൺ മിസൈലുകളാണ് യുക്രെയ്ൻ ഉപയോഗിച്ചിരിക്കുന്നത്. കടലിൽ നിന്നാണ് മിസൈലുകൾ തൊടുത്തതെന്നും കരയിൽ നിന്ന് തൊടുക്കാവുന്ന ഹാർപൂൺ മിസൈലുകൾ യുക്രെയ്‌നിന് അമേരിക്ക നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
ഇതുവരെ നടന്ന പ്രതിരോധത്തിലും ആക്രമണങ്ങളിലുമായി റഷ്യയുടെ 1376 ടാങ്കുകൾ, 3376 കവചിത വാഹനങ്ങൾ, 14 ചെറുകപ്പലുകൾ എന്നിവ തകർത്തെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്.
















Comments