തിരുവനന്തപുരം: സ്വർണ്ണക്കളളക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംശയനിഴലിൽ തന്നെയാണെന്ന് വി.മുരളീധരൻ പറഞ്ഞു. ഒളിച്ചിരുന്നുകൊണ്ട് മുഖ്യമന്ത്രി തെളിവുകൾ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. കേസിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ പിണറായി വിജയൻ നടത്തുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിക്ക് പരിഭ്രാന്തി ഉള്ളതുകൊണ്ടാണ് അദ്ദേഹം മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാതെ ഒഴിഞ്ഞ് നടക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.
അന്വേഷണ ഏജൻസികളെ വിളിച്ചുവരുത്തിയത് ഞങ്ങളെന്ന് ആവർത്തിക്കുന്നവർ തന്നെ ഇന്ന് ഒഴിഞ്ഞുമാറിക്കൊണ്ട് ഏജൻസികളുടെ മനോവീര്യം കെടുത്തുകയാണെന്നും ഒരു മുഖ്യമന്ത്രി സ്വർണക്കടത്തിൽ പങ്കാളിയാണ് എന്ന ആരോപണം രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി. സ്വപ്ന കോടതിയിൽ കൊടുത്ത മൊഴി വളരെ ഗൗരവകരമാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയടക്കം നേരത്തേ ജയിലിൽ കിടന്ന കേസാണിതെന്നും മുഖ്യമന്ത്രിക്ക് കേസുമായി പല അവിഹിത ബന്ധവും ഉണ്ടെന്ന് തെളിഞ്ഞു കഴിഞ്ഞുവെന്നും വി.മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സ്വർണക്കടത്ത് നടന്നതും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവർ അതിൽ പ്രതിയായതും പിന്നാലെ ബന്ധപ്പെട്ട വകുപ്പുകളിൽ തീപ്പിടുത്തം സംഭവിച്ചതും കണ്ടതാണ്. ഇതിലൂടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്തിരിക്കുന്നത്. സാമാന്യബുദ്ധി വച്ച് പരിശോധിച്ചാൽ കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം ഭരിക്കുന്ന കാലത്തോളം ഇത്തരം കേസുകളിൽ ഒരു വിട്ടുവീഴ്ചയും സംഭവിക്കില്ല എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
















Comments