ഗുവാഹത്തി: അസമിൽ കനത്ത മഴയും വെളളപ്പൊക്കവും തുടരുന്നു. നദികൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്‌കരമായിരിക്കുകയാണ്. തിങ്കളാഴ്ചയും മഴക്കെടുതിയിൽ 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 81 ആയി ഉയർന്നു.
ഏഴ് പേരെ കണാതായിട്ടുണ്ട്. മരിച്ചവരിൽ, നാഗോൺ ജില്ലയിലെ കാമ്പൂർ സ്റ്റേഷനിലെ പോലീസുകാരും ഉൾപ്പെടുന്നു. ഇരുവരും കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തിൽ ഒലിച്ച് പോവുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പോലീസുകാരെ സുരക്ഷ സേന രക്ഷപ്പെടുത്തുകയായിരുന്നു. വരുന്ന 48 മണിക്കൂറിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പല സ്ഥലങ്ങളിലും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്ന ആശങ്കയുണ്ട്.
ദുരന്ത നിവാരണ അതോറിറ്റിയുടെ ഞയറാഴ്ചത്തെ കണക്ക് അനുസരിച്ച് 5 ലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. ഇതോടെ ആകെ പ്രളയ ബാധിതരുടെ എണ്ണം 47 ലക്ഷത്തിലേറെയായി.23 ലക്ഷം പേർ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ് .810 ഓളം ക്യാമ്പുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തുറന്നിരിക്കുന്നത്.
പെട്രോൾ, ഡീസൽ, ജിയോ ബാഗുകൾ എന്നിവ ആകാശമാർഗ്ഗം ബരാക് താഴ്വരയിലേക്ക് എത്തിക്കാൻ സംസ്ഥാന സർക്കാർ വായുസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയത്തിൽ കാസിരംഗ നാഷണലിന്റെ നാല് മൃഗങ്ങളെ നഷ്ടപ്പെട്ടു. കാസിരംഗ നാഷണൽ പാർക്കിൽ നാല് മൃഗങ്ങളെ നഷ്ടമായതായി സ്ഥിരീകരിച്ചു. ഉയർന്ന പ്രദേശങ്ങളിലേക്ക് ഓടിപ്പോകാൻ ശ്രമിക്കുന്നതിനിടെ മൃഗങ്ങൾ മുങ്ങിച്ചത്തുവെന്നാണ് അധികൃതർ നൽകുന്ന വിവരം.നിലവിൽ കർബി ആംഗ്ലോംഗ് ഒഴികെ, മറ്റെല്ലാ ജില്ലകളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ്. ബ്രഹ്മപുത്ര താഴ്വരയും ബരാക് താഴ്വരയും തമ്മിലുള്ള ആശയവിനിമയം പൂർണമായും വിച്ഛേദിക്കപ്പെട്ടു.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി.അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ വിളിച്ചാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്. പ്രളയക്കെടുതിയുടെ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ഉടൻ സംസ്ഥാനം സന്ദർശിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
















Comments