ന്യൂയോർക്ക്: നൊബേൽ സമ്മാനം ലേലം ചെയ്ത് റഷ്യൻ മാദ്ധ്യമപ്രവർത്തകൻ. 103.5 മില്യൺ ഡോളറിനാണ് റഷ്യൻ മാദ്ധ്യമപ്രവർത്തകനായ ദിമിത്രി മുറാറ്റോവ് തന്റെ നൊബേൽ സമ്മാനം ലേലം ചെയ്തത്. ഈ തുക യുക്രെയ്‌നിൽ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി സമർപ്പിക്കുമെന്ന് ദിമിത്രി അറിയിച്ചു.
2021 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന്റെ സഹജേതാവാണ് ദിമിത്രി. ഫിലിപ്പീൻസിലെ മരിയ റെസ്സയ്‌ക്കൊപ്പമാണ് മുറാറ്റോവ് നൊബേൽ നേടിയത്. റഷ്യയിലെ സുപ്രധാന പത്രമായ നൊവായ ഗസറ്റെയുടെ എഡിറ്ററാണ് ഇദ്ദേഹം. പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെയും അദ്ദേഹത്തിന്റെ സർക്കാരിനെയും നിശിതമായി വിമർശിക്കുന്ന പത്രമാണ് മുറാറ്റോവിന്റെ നൊവായ ഗസറ്റെ. 1991-ലാണ് ഈ പത്രമാരംഭിച്ചത്. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ പലായനം ചെയ്ത കുട്ടികളെ സഹായിക്കുന്നതിനായി തന്റെ നൊബേൽ മെഡൽ ലേലം ചെയ്ത തുക മുഴുവൻ സമർപ്പിക്കുകയാണെന്നും ദശലക്ഷക്കണക്കിന് വരുന്ന അഭയാർത്ഥികൾക്ക് ഈ തുക സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദിമിത്രി പ്രതികരിച്ചു.
ന്യൂയോർക്കിലെ ഹെറിറ്റേജ് ഓക്ഷൻസ് ആണ് ലേലം സംഘടിപ്പിച്ചത്. ലോക അഭയാർത്ഥി ദിനത്തോടനുബന്ധിച്ച് നടന്ന ലേലത്തിൽ ലഭിച്ച മുഴുവൻ തുകയും യുക്രെയ്‌നിൽ നിന്ന് പലായനം ചെയ്യപ്പെട്ടവർക്ക് വേണ്ടി യൂണിസെഫിനായി സമർപ്പിക്കുമെന്ന് ഹെറിറ്റേജ് അധികൃതർ അറിയിച്ചു. കൂടാതെ ഇതുവരെ നടന്നിട്ടുള്ള നൊബേൽ മെഡൽ ലേലത്തിലെ റെക്കോർഡ് വിൽപനയാണിതെന്നും അവർ വ്യക്തമാക്കി.
Comments