ആരാധകരിൽ ആവേശം ഉണർത്തുന്ന വാർത്തയുമായി റോൾസ് റോയ്സ്. ഗുഡ് വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ തങ്ങളുടെ മുഴുവൻ ബ്ലാക്ക് ബാഡ്ജ് മോഡൽ വാഹന ശ്രേണികളും പ്രദർശിപ്പിക്കുമെന്ന് റോൾസ് റോയ്‌സ് പ്രഖ്യാപിച്ചു. ഇംഗ്ലീഷ് ആഡംബര കാർ നിർമ്മാതാക്കളായ റോൾസ് റോയ്സിന് നിലവിൽ ബ്ലാക്ക് ബാഡ്ജ് സീരീസിന് കീഴിൽ ഡ്രോപ്പ്-ടോപ്പ് ഡോൺ, ക്വള്ളിനൻ, ദി വ്റൈത്ത്, ന്യൂ ഗോസ്റ്റ് എന്നിവയുൾപ്പെടെ നാല് മോഡൽ നിരകളാണുള്ളത്.
2016 ലാണ് റോൾസ് റോയ്സ് ആദ്യമായി ബ്ലാക്ക് ബാഡ്ജ് സീരീസ് അവതരിപ്പിച്ചത്. ഇപ്പോൾ ലോകമെമ്പാടുമുള്ള കമ്പനിക്ക് അവരുടെ എല്ലാ മോഡലുകളിൽ നിന്നും ലഭിക്കുന്ന ആകെ വരുമാനത്തിൽ 27 ശതമാനത്തോളം ബ്ലാക്ക് ബാഡ്ജ് സീരീസ് മോഡലുകൾക്കാണ്. സ്റ്റാൻഡേർഡ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ബ്ലാക്ക് ബാഡ്ജ് മോഡലുകൾക്ക് ഇരുണ്ട നിറങ്ങളാണ് കമ്പനി നൽകിയിരിക്കുന്നത്. വളരെ മനോഹരവും ആരും കൊതിക്കുന്ന തരത്തിലുമാണ് ഈ മോഡലുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. കൂടാതെ സ്റ്റാന്റേർഡ് മോഡലുകളെ അപേക്ഷിച്ച് കൂടുതൽ ശക്തിയും മികച്ച ഡ്രൈവിംഗ് അനുഭവവും ഈ മോഡലുകൾ വാഗ്ദാനം ചെയ്യുന്നു.
വാഹന പ്രേമികൾ ഒത്തുകൂടുന്ന പരിപാടിയാണ് ഗുഡ് വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡ്. ഈ വർഷം തങ്ങളുടെ ബ്ലാക്ക് ബാഡ്ജ് പോർട്ട്‌ഫോളിയോ മോഡലുകൾ ലോൺട്രി ഗ്രീനിലെ പരിപാടിയിൽ റോൾസ് റോയ്സ് പ്രദർശിപ്പിക്കും. തങ്ങളുടെ ഡിസൈനർമാരെയും എഞ്ചിനിയർമാരെയും മെക്കാനിക്കുകളെയും അവരുടെ കഴിവുകളും പ്രദർശിപ്പിക്കാനും തങ്ങളുടെ ആഡംബര കാറുകളുടെ രാജകീയ പ്രൗഢി വെളിപ്പെടുത്തുന്നതിലും സന്തുഷ്ടരാണെന്ന് റോൾസ് റോയ്സ് കാറുകളുടെ യുകെ, യൂറോപ്പ്, റഷ്യ, മധ്യേഷ്യ റീജിയണൽ ഡയറക്ടർ ബോറിസ് വെലെറ്റ്‌സ്‌കി പറഞ്ഞു.
Comments