ശരീരഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ വയറ്റിനുള്ളിലെ കൊഴുപ്പ് പലർക്കും എത്രശ്രമിച്ചാലും ഇല്ലാതാക്കാൻ കഴിയാറില്ല. ഇതുമൂലം ഭാരം കുറയ്‌ക്കാൻ കഴിയാതെ പലരും പ്രയാസപ്പെടാറുമുണ്ട്. നമ്മുടെ ആന്തരിക അവയവങ്ങളെ സംരക്ഷിക്കാൻ അരയ്‌ക്ക് ചുറ്റും നിശ്ചിത അളവിലുള്ള കൊഴുപ്പ് നല്ലതാണ്. എന്നിരുന്നാലും അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും കാരണമായേക്കാമെന്നതാണ് വസ്തുത.
കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ പത്ത് ഭക്ഷണ പദാർത്ഥങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം..
1. ഗ്രീക്ക് യോഗർട്ട്:

ഗ്രീക്ക് യോഗർട്ടിൽ അടങ്ങിയിരിക്കുന്ന കോൺജുഗേറ്റഡ് ലിനോലെയിക് ആസിഡ് (സിഎൽഎ) കൊഴുപ്പ് കുറയ്‌ക്കുന്നതിന് സഹായിക്കുന്നു. കൂടാതെ യോഗർട്ടിൽ കാണപ്പെടുന്ന പ്രോബയോട്ടിക്‌സ് ശരീരഭാരം കുറയ്‌ക്കാൻ ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ ഉൽപാദിപ്പിക്കുന്നു. അമിനോ ആസിഡുകൾ, വിറ്റാമിൻ ഡി, കാൽസ്യം എന്നിവയും ഗ്രീക്ക് യോഗർട്ടിൽ അടങ്ങിയിട്ടുണ്ട്. ഇവയും വേഗത്തിൽ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കും.
2. അവക്കാഡോ:

അവക്കാഡോ സാലഡായ ‘ഗ്വാക്കാമോൾ’ ഉണ്ടാക്കി കഴിക്കുന്നതും പ്രഭാത ഭക്ഷണത്തിൽ അവക്കാഡോ പഴം ഉൾപ്പെടുത്തുന്നതും ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും. കൂടാതെ അവക്കാഡോ കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണകരമവുമാണ്.
3. കറുവപ്പട്ട:

വിശപ്പ് കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മെറ്റബോളിസത്തെ ത്വരിതപ്പെടുത്താനും സഹായിക്കുന്ന പദാർത്ഥമാണ് കറുവപട്ട. ശരീരത്തിന് കൊഴുപ്പ് സംഭരിക്കാനുള്ള കഴിവിനെയും കറുവപട്ട നിയന്ത്രിക്കുന്നു.
4. മുട്ട:

ഉയർന്ന പ്രോട്ടീൻ അടങ്ങിയ ആഹാരമാണ് മുട്ട. ഇത് ശരീരഭാരം കുറയ്‌ക്കാനും സഹായിക്കുമെന്നതാണ് വാസ്തവം. ശരീരഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്നവർ പ്രഭാതഭക്ഷണമായി മുട്ട തിരഞ്ഞെടുക്കുന്നത് വളരെ നല്ലതാണ്. കാരണം മുട്ട കഴിക്കുമ്പോൾ പ്രോട്ടീൻ അകത്ത് ചെല്ലുന്നു. ഇവ മെറ്റബോളിസത്തിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു. ഇതിന്റെ ഫലമായി ഭാരം കുറയുന്നു.
5. മുളക്:

തെർമോജെനിക് സ്വഭാവമുള്ള പദാർത്ഥമാണ് മുളക്. അതിനാൽ മെറ്റബോളിസത്തെ വേഗത്തിലാക്കുകയും ശരീരോർജ്ജം വേഗത്തിൽ വിനിയോഗിക്കപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു. ഇഷ്ട വിഭവങ്ങളിൽ മുളക് ചേർത്ത് പാകം ചെയ്ത് കഴിക്കാവുന്നതാണ്.
6. ബ്ലൂബെറി:

വെള്ളത്തിന്റെ അംശം കൂടുതലുള്ള പഴമാണ് ബ്ലൂബെറി. ഇവയിൽ പഞ്ചസാരയുടെ അംശം താരതമ്യേന കുറവാണെങ്കിലും മധുരം ആവശ്യത്തിനുണ്ട്. മിക്കയാളുകൾക്കും വളരെയധികം ഇഷ്ടമുള്ള പഴമായ ബ്ലൂബെറി പതിവായി കഴിച്ചാൽ വയറിലെ കൊഴുപ്പ് നീക്കം ചെയ്യപ്പെടുമെന്നതാണ് പ്രത്യേകത.
7. ധാന്യം:

ഫൈബറിനാൽ സമ്പുഷ്ടമാണ് ധാന്യങ്ങൾ. ഇവ ശരീരഭാരം കുറയ്‌ക്കാനും ദഹനത്തിനും രക്തത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഓട്സ്, ക്വിനോവ, ബ്രൗൺ റൈസ്, മറ്റ് ധാന്യങ്ങൾ എന്നിവയെല്ലാം കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്ന നല്ല ഭക്ഷണ പദാർത്ഥങ്ങളാണ്.
8. ഗ്രീൻ ടീ:

കൊഴുപ്പ് ഇല്ലാതാക്കുന്ന ഏറ്റവും ഫലപ്രദമായ പാനീയങ്ങളിലൊന്നാണ് ഗ്രീൻ ടീ. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ പലരും ഗ്രീൻ ടീ പതിവായി കുടിക്കുന്നത് ഏറെ ജനപ്രീതി നേടിയിട്ടുള്ള രീതിയുമാണ്. ഗ്രീൻ ടീയിൽ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ വ്യായാമം ചെയ്യുന്നതിന് മുമ്പ് ഗ്രീൻ ടീ കുടിച്ചാൽ മെറ്റബോളിസത്തിന്റെ നിരക്ക് കൂടുകയും അതുവഴി ശരീരഭാരം കുറയുകയും ചെയ്യുന്നു.
9. ബ്രോക്കോളി:

കോളിഫ്ളവർ, ബ്രസ്സൽസ് സ്പ്രൗട്ട്‌സ്, ബ്രോക്കോളി എന്നിവയിൽ നാരുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു. ബ്രോക്കോളിയിൽ കാൽസ്യം കൂടുതലാണെന്നതിനാൽ ഇത് സന്ധികളുടെ ആരോഗ്യത്തിനും ശരീരഭാരം കുറയ്‌ക്കാനും ഒരുപോലെ ഗുണം ചെയ്യും.
10. സാൽമൺ

ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യമാണ് സാൽമൺ. ദഹിക്കാൻ പ്രയാസമുള്ളതിനാൽ തന്നെ ശരീരത്തിന് കൂടുതൽ ഊർജ്ജം സ്വീകരിച്ച് ദഹനപ്രക്രിയ നടത്തേണ്ടി വരുന്നു. ഇത് കൂടുതൽ ഊർജ്ജം പുറത്തുപോകുന്നതിനും അതുവഴി ശരീരഭാരം കുറയ്‌ക്കുന്നതിനും സഹായിക്കുന്നു.
















Comments