തിരുവനന്തപുരം: പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെ.എം മാണിയുടെ പേര് നല്‍കാൻ തീരുമാനം. മുഖ്യമന്തി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. ഇതിന് മുമ്പും പാലായിൽ പല പദ്ധതികൾക്കും പിണറായി സർക്കാർ കെ.എം.മാണിയുടെ പേര് നൽകിയിരുന്നു.
പാലാ ബൈപാസ് റോഡിന് കെ.എം.മാണിയുടെ പേരാണ് സർക്കാർ നൽകിയത്. ബൈപാസ് റോഡ് കെ.എം മാണിയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു. കെ.എം മാണിയുടെ മരണത്തിന് പിന്നാലെ കേരള കോൺഗ്രസ് എം ഇടതുപക്ഷത്തിനൊപ്പം ലയിച്ചതും തിരഞ്ഞെടുപ്പുകളിൽ നിർണ്ണായക പങ്ക് വഹിച്ചതും കെ.എം മാണിക്കെതിരായുള്ള ഇടത് പക്ഷത്തിന്റെ നിലപാടുകളെ മയപ്പെടുത്തി. കെ.എം മാണിയെ ഏറ്റവും കൂടുതൽ വിമർശിച്ച ഇടത്പക്ഷം പല വേദികളിലും അദ്ദേഹത്തെ പുകഴ്‌ത്തി.
1965 മുതല്‍13 തവണയാണ് പാലായിൽ നിന്നും കെഎം മാണി നിയമസഭയിലെത്തിയത്. അതും ഒരു തവണ പോലും പരാജയപ്പെടാതെ. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം ,ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ വിജയം, 13 തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതല്‍ വര്‍ഷം മന്ത്രിയായ വ്യക്തി എന്നിങ്ങനെ നിരവധി റെക്കോഡുകളാണ് കേരള രാഷ്‌ട്രീയത്തിൽ കെഎം മാണിയുടെ പേരിനൊപ്പമുള്ളത്.
Comments