ന്യൂയോർക്ക് : ഇന്ത്യൻ സംസ്‌കാരത്തിന്റെയും സംസ്‌കൃത ഭാഷയുടെയും മഹത്വം ആഗോളതലത്തിലെത്തിക്കാൻ അമേരിക്കയിൽ ഗവേഷണ സ്ഥാപനം ആരംഭിച്ച് ഹിന്ദു സംഘടന. അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബോചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്തയാണ് ബിഎപിഎസ് സ്വാമിനാരായണ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് ബിഎപിഎസ് സ്വാമിനാരായണ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം വെർച്വലായി ബിഎപിഎസ് ഗുരു മഹന്ത് സ്വാമി മഹാരാജ് നിർവ്വഹിച്ചു. നിലവിളക്ക് തെളിയിച്ചുകൊണ്ടായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ഔദ്യോഗികമായി തുടക്കം കുറിച്ചത്. ചടങ്ങിൽ 115 ഗവേഷകരും, 50 ഓളം ക്ഷേത്ര- ഹിന്ദു സംഘടനാ പ്രതിനിധികളും പങ്കെടുത്തിരുന്നു.
സംസ്‌കൃതത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനും, സംസ്‌കൃത ഭാഷയിൽ പഠിക്കുന്നതിനുമായി ഒരു സംവിധാനം വേണമെന്ന ആത്മീയാചാര്യൻ യോഗിജി മഹാരാജിന്റെ ആഗ്രഹമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് മഹന്ത് സ്വാമി മഹാരാജ് പറഞ്ഞു. വസുദൈവ കുടുംബകം എന്ന തത്വം യാഥാർത്ഥ്യമാക്കാൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലൂടെ സാധിക്കും. ഇന്ത്യൻ സംസ്‌കാരത്തിന്റെ മഹത്വം ആഗോള തലത്തിലെത്തിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത കാലത്തായി ഇന്ത്യൻ സംസ്‌കാരത്തെയും സംസ്‌കൃത ഭാഷയെയും കുറിച്ചുള്ള പഠനങ്ങളിൽ ലോകജനതയുടെ താത്പര്യം വർദ്ധിക്കുന്നുണ്ട്. ഇത് കണക്കിലെടുത്താണ് ഹിന്ദു സംഘടന അമേരിക്കയിൽ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.
ആദ്യമായാണ് ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും ഗവേഷണത്തിനുമായി അമേരിക്കയിൽ ഒരു സ്ഥാപനം ആരംഭിക്കുന്നത്.
Comments