മുംബൈ: ഭരണ പ്രതിസന്ധി രൂക്ഷമായ മഹാരാഷ്‌ട്രയിൽ നിർണ്ണായക നീക്കങ്ങളുമായി വിമത ശിവസേന എം എൽ എമാർ. വിമത നേതാവ് ഏകനാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത് എം എൽ എമാർ പ്രമേയം പാസാക്കി. കഴിഞ്ഞ രണ്ട് വർഷക്കാലമായി ശിവസേനയുടെ ആശയം അടിയറവ് വെക്കപ്പെട്ടിരിക്കുകയാണെന്ന് പ്രമേയത്തിൽ എം എൽ എമാർ ആരോപിച്ചു.
മഹാ വികാസ് അഖാഡി സർക്കാരിലെ അഴിമതികൾ പ്രസ്ഥാനത്തിന് അവമതിപ്പുണ്ടാക്കി. ജയിലിൽ കിടക്കുന്ന അനിൽ ദേശ്മുഖിന്റെയും നവാബ് മാലിക്കിന്റെയും വിഴുപ്പ് ശിവസേനക്ക് ചുമക്കേണ്ട കാര്യമില്ലെന്നും വിമതർ അഭിപ്രായപ്പെട്ടു. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട അഴിമതിയാണ് ഇതെന്നും അവർ ചൂണ്ടിക്കാട്ടി.
34 എം എൽ എമാർ ഒപ്പു വെച്ച പ്രമേയം ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും നിയമസഭാ സെക്രട്ടറിക്കും സമർപ്പിച്ചതായി എം എൽ എമാർ അറിയിച്ചു. നിലവിൽ തങ്ങളാണ് യഥാർത്ഥ ശിവസേനയെന്നും വിമത എം എൽ എമാർ അവകാശപ്പെട്ടു. പാർട്ടി ചീഫ് വിപ്പ് സുനിൽ പ്രഭുവിന്റെ നിയമനം മരവിപ്പിച്ചതായും പുതിയ ചീഫ് വിപ്പായി ഭരത് ഗോഗാവാലെയെ തിരഞ്ഞെടുത്തതായും പ്രമേയത്തിൽ എം എൽ എമാർ വ്യക്തമാക്കി.
Comments