രാഷ്‌ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് എം പി രാഹുൽ ഗാന്ധിക്ക് തുറന്ന കത്തുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ താങ്കൾ ആദിവാസി വനിത രാഷ്‌ട്രപതി ആകുന്നതിനെതിരെ വോട്ട് രേഖപ്പെടുത്തിയാൽ അത് വയനാട്ടിൽ താങ്കളെ പിന്തുണച്ച ആദിവാസികളെ പിറകിൽ നിന്ന് കുത്തുന്നതിന് സമമായിരിക്കും . ചരിത്രം താങ്കൾക്കും കോൺഗ്രസിനും മാപ്പു തരില്ല എന്നോർമ്മിപ്പിക്കുകയാണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ശ്രീ . രാഹുൽ ഗാന്ധി എം പിക്ക് ഒരു തുറന്ന കത്ത് ,
അമേത്തിയിലെ ജനങ്ങൾ കൈവിട്ട താങ്കളെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് പാർലമെന്റിൽ എത്തിച്ചത് വയനാട്ടിലെ ജനങ്ങളാണ് .
വയനാട് , കരിന്തണ്ടന്റെ വയനാട് … അധിനിവേശ ശക്തികൾക്കെതിരെ പോരാടിയ പഴശ്ശിപ്പടയുടെ നട്ടെല്ലായ ആദിവാസി ജനതയുടെ നാട് . താങ്കളുടെ വോട്ടർമാരിൽ 32 ശതമാനം പേർ ആദിവാസികളാണ് .
കാലവും ഭരണകൂടങ്ങളും ചേർന്ന് ചരിത്രത്തിന്റെ പുറമ്പോക്കിൽ കുഴിച്ച് മൂടിയ ഇന്ത്യൻ ആദിവാസി സമൂഹത്തിന് , വനവാസിക്ക് … ആദ്യമായി അഭിമാനത്തോടെ തല ഉയർത്തി നിൽക്കാൻ ഒരവസരം സമാഗതമായിരിക്കുകയാണ് . ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് ഒരു ആദിവാസി വനിത കടന്ന് വരാൻ പോകുന്നു . ദ്രൗപദി മുർമു എന്ന ബഹുമാന്യയായ ആദിവാസി വനിത ഇൻഡ്യയുടെ രാഷ്‌ട്രപതി ആകുമ്പോൾ ആ തീരുമാനത്തോടൊപ്പം നിൽക്കാതിരിക്കാൻ അന്ധമായ രാഷ്‌ട്രീയ വിരോധം കാരണമാകരുത് .
രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ താങ്കൾ ആദിവാസി വനിത രാഷ്‌ട്രപതി ആകുന്നതിനെതിരെ വോട്ട് രേഖപ്പെടുത്തിയാൽ അത് വയനാട്ടിൽ താങ്കളെ പിന്തുണച്ച ആദിവാസികളെ പിറകിൽ നിന്ന് കുത്തുന്നതിന് സമമായിരിക്കും . ചരിത്രം താങ്കൾക്കും കോൺഗ്രസിനും മാപ്പു തരില്ല എന്നോർമ്മിപ്പിക്കുകയാണ് .
എന്ന് ,
സന്ദീപ് ജി വാര്യർ
ബിജെപി സംസ്ഥാന വക്താവ്
ബിജെപി വയനാട് ജില്ലാ സഹപ്രഭാരി
Comments