മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കുറ്റപ്പെടുത്തി കോൺഗ്രസ്. ബിജെപി അധികാരത്തിൽ വരാതിരിക്കാനാണ് ഞങ്ങൾ ശിവസേനയെ പിന്തുണച്ചത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ ഇഡി കാരണമാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പടോലെ പറഞ്ഞു.
കോൺഗ്രസ് വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണ്. ഞങ്ങൾ മഹാ വികാസ് അഖാഡിക്കൊപ്പമാണ്. എന്നും അങ്ങനെ തന്നെ ആയിരിക്കും. പടോലെ കൂട്ടിച്ചേർത്തു.
ഉദ്ധവിന്റെ തീരുമാനം എന്തായാലും അംഗീകരിക്കും. ശിവസേനക്ക് മറ്റാരെങ്കിലുമായി സഖ്യമുണ്ടാക്കാൻ താത്പര്യമുണ്ടെങ്കിലും ഞങ്ങൾക്ക് പ്രശ്നമില്ല. പടോലെ വ്യക്തമാക്കി.
അതേസമയം, ഏകനാഥ് ഷിൻഡെ നേതൃത്വം നൽകുന്ന വിമത പക്ഷത്തിനാണ് ഭൂരിപക്ഷം എന്ന് വ്യക്തമായതോടെ മഹാ വികാസ് അഖാഡി സഖ്യം വിടാൻ തയ്യാറാണെന്ന് ശിവസേന അറിയിച്ചു. ശിവസേന നേതാവ് സഞ്ജയ് റാവത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്ത് വില കൊടുത്തും ഉദ്ധവിനൊപ്പം നിൽക്കാനാണ് ശരദ് പവാർ എൻസിപി എം എൽ എമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അധികാരം നഷ്ടമാകുന്ന സാഹചര്യം ഉണ്ടായാലും, കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറെടുക്കാനാണ് പവാർ എൻസിപി എം എൽ എമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ, അവസരവാദ സഖ്യവുമായി മുന്നോട്ട് പോകാൻ തയ്യാറല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വിമത എം എൽ എമാർ. ഹിന്ദുത്വമാണ് പരമ പ്രധാനമെന്നും ബാൽ താക്കറെയുടെ ഹിന്ദുത്വത്തിൽ വെള്ളം ചേർക്കുന്ന ഒരു നയവും സ്വീകാര്യമല്ലെന്നുമുള്ള നിലപാടാണ് വിമതർക്ക് ഉള്ളത്.
Comments